• admin

  • June 21 , 2022

കൽപ്പറ്റ : സമകാലീന കേരളത്തിൻ്റെ അവസ്ഥയിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി സംസ്ഥാന വ്യാപകമായി പ്രക്ഷോപത്തിനൊരുങ്ങുന്നു. ഇതിൻ്റെ ഭാഗമായി നാളെ സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ പ്രതിഷേധ സംഗമവും ഉപവാസ സമരവും നടത്തും. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടമാടിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളെ ശക്തമായി അപലപിച്ച എ എ പി വയനാട് ജില്ലാകമ്മറ്റി, കേരളത്തിൽ ഭരണ സ്തംഭനമാണെന്നും വിലയിരുത്തി. അക്രമ രാഷ്ട്രീയം കൈമുതലാക്കിയ എൽ ഡി എഫും, യു ഡി എഫും, ബി ജെ പിയും ചേർന്ന് തെരുവുകൾ കയ്യടക്കിയും പൊതു മുതൽ നശിപ്പിച്ചും സമരാഭാസമെന്ന പേരിൽ പരസ്പരം പോർ വിളികൾ നടത്തുകയാണെന്ന് ജില്ലാ കൺവീനർ അജി കൊളോണിയ പറഞ്ഞു. പ്രതിഷേധങ്ങളെയെല്ലാം പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ഭരണകൂടം അടിച്ചമർത്തുകയാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പോലിരുന്ന കോൺഗ്രെസ്സുകാർ പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. ബി ജെ പിയും അക്രമത്തിൽ തങ്ങളാണ് മുൻപിലെന്ന് വരുത്തിത്തീർക്കാൻ മത്സരിക്കുകയാണ്. ക്രമസമാധാന നില പരിപാലിക്കേണ്ട പോലീസ് ഭരണകൂടത്തിൻ്റെ ഗുണ്ടകളെപ്പോലെ പെരുമാറന്നതും മാറിയ രാഷ്ട്രീയത്തിൻ്റെ പ്രതിഫലനമാണ് . അഹിംസയുടെ പ്രതിരൂപമായ മഹാത്മജിയ്ക്ക് പോലും കേരള രാഷ്ട്രീയത്തിൽ രക്ഷയില്ലെന്നാണ് പയ്യന്നൂർ സംഭവം ചൂണ്ടിക്കാണിക്കുന്നതെന്നും അജി കൊളോണിയ കൂട്ടിച്ചേർത്തു. ഒരു ഭാഗത്ത് അക്രമം അഴിച്ചുവിടുകയും മറുവശത്ത് പ്രക്ഷോപങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് എൽ ഡി എഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ പോലെ പെരുമാറുന്ന കോൺഗ്രസ് ബി.ജെ.പി സംഖ്യങ്ങളെ തിരിച്ചറിയണമെന്നും ജില്ലാ സെക്രട്ടറി സൽമാൻ റിപ്പൺ പറഞ്ഞു. ഭരണഘടനയിൽ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലെത്തിയ മുഖ്യമന്ത്രി നഗ്നമായ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്, മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണ കടത്തുകാരുടെ പ്രധാന താവളമായിരിക്കുന്നു. ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് അന്വേഷണം നേരിടണമെന്നാണ് എ.എ.പി ജില്ലാ കമ്മറ്റി ആവശ്യപ്പെടുന്നത്. ബഫർ സോൺ പോലുള്ള ജനകീയ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ സംസ്ഥാന സർക്കാരിന്റെ തന്ത്രമാണിതെന്നും യോഗം വിലയിരുത്തി, അതുകൊണ്ട് പൊതുജനങ്ങൾക്ക് ഈ കാര്യങ്ങൾ വ്യക്തമാക്കികൊടുക്കുന്നതിനും മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും എ എ പി പ്രവർത്തകർ ഭരണഘടനാപരമായി പ്രതിഷേധിക്കുമെന്നും ഉപവാസ സമരത്തിന്റെ കൂടിയാലോചന യോഗത്തിൽ ജില്ലാ ഭാരവാഹികൾ പറഞ്ഞു. അജി കൊളോണിയ, സൽമാൻ റിപ്പൺ , സിജു പുൽപള്ളി ,മനോജ്, അനിത, അനിൽ ,ഇ.വി തോമസ്, തങ്കച്ചൻ, ഗഫൂർ, ഡാരിസ്, ജോസ് പി മാണി, ബാബു ,ബേബി പള്ളത്ത് അഡ്വ: തോമസ് തുടങ്ങിയവർ സംസാരിച്ചു.