• admin

  • January 18 , 2020

കേണിച്ചിറ : വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുമ്പ് ആദിവാസി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കേണിച്ചിറ അതിരാങ്ക്പാടി കോളനിയിലെ മണിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേണിച്ചിറ സ്വദേശികളായ തങ്കപ്പനും മകന്‍ സുരേഷും ചേര്‍ന്നാണ് മണിയെ കൊലപ്പെടുത്തിയത്. കൂലിയെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് മൃതദേഹത്തിന് സമീപം വിഷക്കുപ്പി വെച്ച് മണിയുടെ മരണം ആത്മഹത്യയാക്കി മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മരണത്തിന്റെ ചുരുളഴിഞ്ഞത്. കൂലി വിലവര്‍ധനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിയെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ഇടയാക്കിയത്. 2016 ഏപ്രില്‍ നാലിനാണ് സംഭവം നടന്നത്. അടയ്ക്കാത്തോട്ടത്തില്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്റെ സമീപത്ത് വിഷക്കുപ്പിയും കണ്ടെത്തിയതോടെ മരണം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹ പരിശോധനയില്‍ വിഷം ഉള്ളിലെത്തിയതല്ല മരണകാരണമെന്നും ശ്വാസംമുട്ടിയാണ് മണി മരിച്ചതെന്നും തെളിഞ്ഞതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോക്കല്‍ പോലീസ് രണ്ടുവര്‍ഷം കേസ് അന്വേഷിച്ചിട്ടും ഒന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 2018-ല്‍ ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തു. മതിയായ സാക്ഷികളെ വിസ്തരിച്ചു, തെളിവ് ശേഖരിച്ചു. മണി പണിയെടുത്തിരുന്ന പ്ലാന്റേഷന്റെ ഉടമയും മകനും സംശയത്തിന്റെ നിഴലിലായി. ഇവരെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.