• admin

  • February 4 , 2020

ആക്കുളം : മാലിന്യ നിക്ഷേപവും കുളവാഴകളും നിറഞ്ഞ് മലിനമായ ആക്കുളം കായലിന് ശാപമോക്ഷമാകുന്നു. ആക്കുളം കായലിന്റെയും കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സമ്പൂര്‍ണ നവീകരണം ലക്ഷ്യമിട്ട് ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളേജിന്റെ സഹായത്തോടെ കഴിഞ്ഞ ഒന്നര വര്‍ഷത്തെ വിശദമായ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമായി സംസ്ഥാന ടൂറിസം വകുപ്പാണ് സമഗ്രമായ പദ്ധതി രൂപീകരിച്ചത്. ആക്കുളം കായലിന്റെ സമഗ്ര പുനരുജ്ജീവന പദ്ധതിക്ക് 64.13 കോടി രൂപയുടെ അനുമതി കിഫ്ബി നല്‍കി കഴിഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആക്കുളം കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ തിരുവനന്തപുരം കോളേജിലെ ട്രാന്‍സിഷണല്‍ റിസര്‍ച്ച് ആന്‍ഡ് പ്രൊഫഷണല്‍ ലീഡര്‍ഷിപ് സെന്ററാണ് തയ്യാറാക്കിയത്. കായലിലെ മാലിന്യങ്ങളും പായലും നീക്കി വൃത്തിയാക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുന്‍ഗണന നല്‍കുന്നതാണ് പദ്ധതി. ആക്കുളം കായലില്‍ നിലവില്‍ മണ്ണ് ഉയര്‍ന്ന് കിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളില്‍ സ്വാഭാവികമായ ജലശുചീകരണ മാര്‍ഗങ്ങള്‍ ഒരുക്കും. കായലിലെ കുളവാഴയും മാലിന്യങ്ങളും നീക്കം ചെയ്യല്‍, ആക്കുളം പാലത്തിന് കീഴിലുള്ള ബണ്ട് മാറ്റല്‍ എന്നിവയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യുന്നത്. ഇതിനൊപ്പം തന്നെ കായലിലെ ബോട്ടിംഗ് ചാനലിന്റെ ആഴം വര്‍ധിപ്പിക്കുന്ന പ്രവൃത്തിയും നടത്തും. ആക്കുളം കായലിനു പുറമേ കായലിലേക്ക് വന്നുചേരുന്ന ഉള്ളൂര്‍ തോട്, പട്ടം തോട്, പഴവങ്ങാടി തോട്, മെഡിക്കല്‍ കോളേജ് തോട് എന്നിവയുടെ നിശ്ചിതദൂരത്തിന്റെ നവീകരണം കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഈ തോടുകളുടെ ബാക്കിയുള്ള ഭാഗങ്ങള്‍ ട്രിവാന്‍ഡ്രം സ്മാര്‍ട്ട്സിറ്റി പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. ബോട്ടിംഗ് പുനരാരംഭിക്കുകയും സാഹസിക വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും കൂടുതല്‍ സഞ്ചാരികളെയും നഗരവാസികളെയും ആക്കുളം കായലിലേക്ക് ആകര്‍ഷിക്കുവാന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി നടപ്പിലാക്കാനുള്ള പ്രത്യേക ഉദ്യേശ കമ്പനി (Special Purpose Vehicle) ആയി തിരഞ്ഞെടുത്തിരിക്കുന്നത് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ വാപ്‌കോസിനെയാണ്. ദീര്‍ഘകാലം കാട് പിടിച്ച് കിടന്നിരുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രവേശനകവാടവും, ചുറ്റുമതിലും, ഓഫീസ് കെട്ടിടവും, റസ്റ്റോറന്റും, പാര്‍ക്കിങ് യാര്‍ഡ്, ആണ്‍കുട്ടികള്‍ക്കായുള്ള ആധുനിക കളിക്കോപ്പുകളും, കുന്നിന്‍മുകളിലേക്കുള്ള നടപ്പാതയും, കുന്നിന്‍ മുകളിലെ ഇരുമ്പു ചങ്ങല വേലി എന്നിവയും ഉള്‍പ്പടെ സജ്ജമാക്കിയിരുന്നു. ആംഫിതിയറ്റര്‍, മാലിന്യ സംസ്‌കരണ സംവിധാനം, കുന്നിന്‍മുകളില്‍ സഞ്ചാരികള്‍ക്കായുള്ള ഇരിപ്പിടം, റസ്റ്റോറന്റ് ബ്ലോക്കിന്റെ അനുബന്ധമായുള്ള 12D തിയറ്റര്‍, മ്യൂസിക്കല്‍ ഫൗണ്ടന്റെ നവീകരണം തുടങ്ങിയ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ സതേണ്‍ എയര്‍കമാന്റിന്റെ സഹകരണത്തോടെയുള്ള ഫ്‌ലൈറ്റ് സിമുലേറ്റര്‍ മ്യൂസിയം നിര്‍മാണവും പുരോഗമിക്കുകയാണ്. പുതിയ പദ്ധതി കൂടി യാഥാര്‍ഥ്യമാകുന്നതോടെ ആക്കുളം അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഉല്ലാസ കേന്ദ്രമായി മാറും എന്നും മന്ത്രി പറഞ്ഞു.