• Lisha Mary

  • April 11 , 2020

എറണാകുളം : അവധിയും വിശ്രമവുമില്ലാതെ കര്‍മ്മനിരതരായി ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ റൂം ജീവനക്കാര്‍. കോവിഡ് ഭീഷണി പൂര്‍ണമായും വിട്ടൊഴിയുന്നതു വരെ, ലോക്ക് ഡൗണിന്റെ ആകുലതകള്‍ അകലുന്നതു വരെ ഈ കണ്‍ട്രോള്‍ റൂമുകളില്‍ തന്നെയാകും ജില്ലയുടെ ചുക്കാന്‍. രോഗത്തിന്റെ ഭീതി പങ്കുവെക്കുന്ന ഫോണ്‍വിളികള്‍, ക്യാംപുകളിലും മറ്റും ഭക്ഷണത്തിനായുള്ള കാത്തിരിപ്പ്, സ്ഥിതി വഷളായാല്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍, ഇതിനിടയില്‍ അവധികള്‍ക്കെന്തു പ്രസക്തിയെന്ന് ചോദിക്കുന്നു ഇവിടുത്തെ ജീവനക്കാരും. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ക്യാംപുകളിലുമെല്ലാം കൃത്യമായി ഭക്ഷണമെത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സുഖ വിവരം തിരക്കണം, വൈകുന്നേരത്തിനു മുമ്പായി കണക്കുകള്‍ തയ്യാറാക്കണം. അതു കൊണ്ടു തന്നെ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകളെല്ലാം തന്നെ പ്രവര്‍ത്തനസജ്ജമാണ്. നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് കണ്ടെത്തുക കൂടിയാണ് സര്‍വൈലന്‍സ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ഫോണ്‍ വിളികളുടെ പ്രധാന ലക്ഷ്യം. ഒപ്പം അവശ്യ സാധനങ്ങളുടെ കുറവുണ്ടൊയെന്നു തിരക്കണം, ദിവസേന കഴിക്കുന്ന മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ജില്ലാ കോള്‍ സെന്ററിലാകട്ടെ ആശങ്കകള്‍ നിറഞ്ഞ ഫോണ്‍ വിളികള്‍ക്ക് മറുപടി നല്‍കണം, ആശ്വസിപ്പിക്കണം. അവധി ദിനത്തിലും മുടക്കമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ വലിയൊരു അപകടത്തില്‍ നിന്ന് നാടിനെ കരുതുകയാണെന്ന ആശ്വാസമാണ് ഓരോരുത്തര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനവും കണ്‍ട്രോള്‍ റൂമില്‍ വിനിയോഗിക്കുന്നുണ്ട്.കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും കണക്കുകള്‍ പരിശോധിച്ചും മറ്റു കാര്യങ്ങള്‍ നിരീക്ഷിച്ചും ജില്ല കളക്ടര്‍ എസ് സുഹാസ് രാവിലെ മുതല്‍ കളക്ടറേറ്റിലുണ്ടാകും. അതിഥി തൊഴിലാളികള്‍ക്കുള്ള കണ്‍ട്രോള്‍ റൂമില്‍ സുപ്രിയ ദേബ് നാഥ് ആണ് താരം, അഞ്ചു ഭാഷകള്‍ കൈകാര്യം ചെയ്യുന്ന സുപ്രിയ ഓരോ ഫോണ്‍ വിളിയിലും ഓരോ ആവശ്യങ്ങള്‍ ആയിരിക്കും തീര്‍പ്പാക്കേണ്ടത്. അത്യാവശ്യമെന്നു തോന്നുന്ന വിവരങ്ങള്‍ അധികാരപ്പെട്ട വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തണം. നാലു വയസ്സുകാരി മകള്‍ക്ക് അമ്മ ദിവസേന പോവുന്നതിന്റെ പരിഭവം ഉണ്ടെങ്കിലും അത് കാര്യമാക്കിയാല്‍ പ്രതീക്ഷയോടെ വിളിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാവുമെന്നറിയാം. സുപ്രിയക്ക് സഹായങ്ങളുമായി ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥരുമുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ചതോടു കൂടി പലര്‍ക്കും ദിവസവും തീയതിയുമൊന്നും വലിയ നിശ്ചയമില്ലാത്ത അവസ്ഥയാണ്. മാനസികമായി ലോക്ക് ഡൗണിനെ അതിജീവിക്കുക എന്നത് പ്രധാനമാണ്. ആ തിരിച്ചറിവുള്ളതു കൊണ്ടു തന്നെ സമ്മര്‍ദവുമായി വിളിക്കുന്ന ഓരോരുത്തരെയും കേള്‍ക്കാനും അവര്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും സജ്ജരായിരിക്കുകയാണ് കണ്‍ട്രോള്‍ റൂമിലെ കൗണ്‍സിലര്‍മാര്‍.