• admin

  • March 23 , 2022

കല്‍പ്പറ്റ : അംഗന്‍വാടി ജീവനക്കാരുടെ വേതനവും, 2021-ല്‍ വിരമിച്ചവരുടെ ക്ഷേമപെന്‍ഷനും മറ്റ് ആനൂകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണമെന്ന് ഇന്ത്യന്‍നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ അംഗന്‍വാടി ജീവനക്കാര്‍ക്ക് മാര്‍ച്ചില്‍ ലഭിക്കേണ്ട ഹോണറേറിയം ഇനിയും പൂര്‍ണമായി ലഭിച്ചിട്ടില്ല. ഏറ്റവും കുറഞ്ഞ വേതനം കൈപ്പറ്റുന്ന അംഗന്‍വാടി ജീവനക്കാരോട് സര്‍ക്കാര്‍ നിക്ഷേധാത്മക നയം തുടരുകയാണ്. അംഗന്‍വാടി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട കേന്ദ്രവിഹിതം വകമാറ്റി ചിലവഴിച്ച ശേഷം ലഭിച്ചിട്ടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. 2018, 19 വര്‍ഷങ്ങളില്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പറഞ്ഞിരുന്ന അലവന്‍സ് ഇതുവരെ നല്‍കിയിട്ടില്ല. മേലുദ്യോഗസ്ഥരും മറ്റും കൃത്യമായി ശമ്പളം കൈപ്പറ്റുമ്പോള്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുകയും, ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്ന അംഗന്‍വാടി ജീവനക്കാരുടെ കുടുംബങ്ങളുടെ കണ്ണീര് കാണാതെ പോകുന്നതില്‍ വേദനയുണ്ട്. 2021-ല്‍ പെന്‍ഷനായ ജീവനക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു. ജീവനക്കാരില്‍ നിന്നും നിന്നും ക്ഷേമനിധിയിനത്തില്‍ പിരിക്കുന്ന വിഹിതം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുകയാണ്. ക്ഷേമനിധി അക്കൗണ്ടല്‍ ചില്ലികാശു പോലുമില്ലെന്നാണ് ബോര്‍ഡ് പറയുന്നത്. ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിക്കുന്ന അംഗന്‍വാടി ജീവനക്കാരുടെ എണ്ണവും വര്‍ധിക്കുകയാണ്. ജീവിതസാഹചര്യത്തിനനുസരിച്ച് വേതനമില്ലെന്ന് മാത്രമല്ല, ഉള്ളത് കൃത്യമായി ലഭിക്കുന്നുമില്ല. ഈ മാസം 31നുള്ളില്‍ മുഴുവന്‍ തുകയും ലഭിച്ചില്ലെങ്കില്‍ പ്രതിഷേധസമരങ്ങളുടെ രൂപവും ഭാവവും മാറുമെന്നും, ജീവനക്കാരുടെ മാനസികാവസ്ഥ മനസിലാക്കി ഉചിതമായി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി, ഫെഡറേഷന്‍ പ്രസിഡന്റ് ബിന്ദു എന്‍ എസ്, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാരി നെന്മേനി, സെക്രട്ടറി സീതാലക്ഷ്മി കെ ആര്‍ എന്നിവര്‍ പങ്കെടുത്തു.