• Lisha Mary

  • March 27 , 2020

കൊച്ചി : കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡ് ആരംഭിച്ച ഹോം ഡെലിവറി പദ്ധതിക്ക് മികച്ച പ്രതികരണം. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 515-ഓളം ഡെലിവറികളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീട്ടില്‍ ഭക്ഷ്യവസ്തുകള്‍ അടക്കം എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണിത്. ആലപ്പുഴയിലും മലപ്പുറത്തും ഹോം ഡെലിവറി സംവിധാനം സജ്ജമായെന്നും വൈകാതെ പദ്ധതി രണ്ടിടത്തും ആരംഭിക്കുമെന്നും കണ്‍സ്യൂമര്‍ ഫെഡ് മാനേജിങ് ഡയറക്ടര്‍ വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ വിളിച്ചാണ് സാധനങ്ങള്‍ ബുക്ക് ചെയ്യേണ്ടത്. ഇതിനായി പ്രത്യേക ഫോണ്‍ നമ്പറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഡെലിവറി ചാര്‍ജ് ഈടാക്കുന്നില്ല. ഓര്‍ഡര്‍ നല്‍കിയ ദിവസം തന്നെ സാധനങ്ങള്‍ വീട്ടില്‍ എത്തും. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ സാഹചര്യമുള്ളവര്‍ക്ക് പദ്ധതിയുടെ സേവനം ലഭിക്കില്ല. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് യഥാര്‍ഥ ഉപഭോക്താവിനെ കണ്ടെത്തുന്നത്. ത്രിവേണി സ്റ്റോറുകളിലെ എല്ലാ ഉത്പന്നങ്ങളും ഓര്‍ഡര്‍ ചെയ്യാമെങ്കിലും കൂടുതല്‍ ഡിമാന്‍ഡ് അരി, പഞ്ചസാര തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ക്കാണെന്ന് അധികൃതര്‍ പറഞ്ഞു. ശരാശരി 1,000 രൂപയുടെ ഓര്‍ഡറുകളാണ് ലഭിക്കുന്നത്.