• Lisha Mary

  • March 24 , 2020

ദമ്മാം : സൗദിയില്‍ കോവിഡ് 19 പ്രതിരോധിക്കുന്നതിന് വൈകുന്നേരം ഏഴുമണി മുതല്‍ രാവിലെ ആറു മണിവരെ 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തുന്ന കര്‍ഫ്യൂ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോലീസ്, സൈനിക, സുരക്ഷാ വിഭാഗങ്ങള്‍ കര്‍ഫ്യൂ നടപ്പാക്കുന്നതിനും നിയമ ലംഘകരെ പിടികൂടുന്നതിനുമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നിയമം ലംഘിച്ചു അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് ആദ്യം പതിനായിരം റിയാല്‍ പിഴ ലഭിക്കും. രണ്ടാം തവണയും നിയമം ലംഘിച്ചാല്‍ ഇരുപതിനായിരം റിയാല്‍ വരെ പിഴയും തടവു ശിക്ഷയും ലഭിക്കും. 51 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 562 ആയി ഉയര്‍ന്നു. ഇവരില്‍ 25 പേര്‍ രോഗികളുമായി ഇടപഴകിയവരാണ്. 26 പേര്‍ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരാണ്. ഇതുവരെ പത്തൊമ്പത് പേര്‍ സുഖം പ്രാപിച്ചതായും മന്ത്രാലയം വ്യക്തമാക്കി.