• Lisha Mary

  • April 7 , 2020

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സൗജന്യ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ഈ മാസം ഒമ്പതിന് തുടങ്ങും. 5.95 ലക്ഷം അന്ത്യോദയ (എഎവൈ) കാര്‍ഡുടമകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റ് നല്‍കുന്നത്. വിഷുവിന് മുമ്പ് ഇവര്‍ക്ക് കിറ്റ് കൊടുത്തുതീര്‍ക്കാനുള്ള ഒരുക്കത്തിലാണ് സപ്ലൈകോ. സപ്ലൈകോയുടെ 56 ഡിപ്പോ, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ കിറ്റ് നിറയ്ക്കല്‍ പുരോഗമിക്കുകയാണ്. ഇതുവരെ മൂന്നരലക്ഷത്തോളം കിറ്റുകള്‍ റെഡിയായി. പതിനേഴിനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു കിലോ പഞ്ചസാര, ചെറുപയര്‍, ഉഴുന്ന്, കടല, അരലിറ്റര്‍ വെളിച്ചെണ്ണ, ഒരു ലിറ്റര്‍ സണ്‍ഫ്ലവര്‍ ഓയില്‍, രണ്ടു കിലോ ആട്ട തുടങ്ങി 17 ഇനം ഭക്ഷ്യവസ്തുക്കളാണ് കിറ്റിലുള്ളത്. എഎവൈ കാര്‍ഡുകള്‍ക്ക് ശേഷം, ബിപിഎല്‍ (പിങ്ക് കാര്‍ഡ്), മുന്‍ഗണനേതര സബ്സിഡി വിഭാഗം (നീല കാര്‍ഡ്), മുന്‍ഗണനേതര വിഭാഗം ( വെള്ളകാര്‍ഡ്) എന്നിങ്ങനെയാകും കിറ്റുകള്‍ വിതരണം ചെയ്യുക. സംസ്ഥാനത്തെ 87 ലക്ഷം കാര്‍ഡുടമകള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വേണ്ടാത്തവര്‍ക്ക് അത് സംഭാവന ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.