• admin

  • February 21 , 2020

കൊച്ചി : രാജ്യത്തെ ഏറ്റവും മികച്ച സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍ക്കുള്ള സ്‌പൈസസ് ബോര്‍ഡ് പുരസ്‌കാരങ്ങള്‍ കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പര്‍കാഷ് ശനിയാഴ്ച കൊച്ചിയില്‍ സമ്മാനിക്കും. ഇന്ത്യയില്‍നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തിയവര്‍ക്കാണ് മികവിന്റെ പുരസ്‌കാരം നല്‍കുന്നത്. ഇതുകൂടാതെ ഓരോ സുഗന്ധവ്യഞ്ജന വിഭാഗത്തിലും ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയവര്‍ക്കായി 19 പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. ഹൈബി ഈഡന്‍ എംപി അധ്യക്ഷനാകുന്ന ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു, സെക്രട്ടറി ഡി.സത്യന്‍ ഐഎഫ്എസ് എന്നിവരും പങ്കെടുക്കും. കുരുമുളക്, ഏലം, പേരേലം, മുളക്, ഇഞ്ചി, മഞ്ഞള്‍, മല്ലി, ജീരകം, ഉലുവ, പെരുംജീരകം, ജാതിക്കയും ജാതി പത്രിയും, മസാലപ്പൊടി/ കൂട്ട്, സുഗന്ധവ്യഞ്ജന എണ്ണ/സത്ത്, പുതിന/പുതിന ഉത്പന്നങ്ങള്‍, പാക്ക് ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍, സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളിലെ മികച്ച നവ സംരംഭകര്‍, സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളിലെ മികച്ച വനിതാ സംരംഭക എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. ഇത് കൂടാതെ കയറ്റുമതിയില്‍ മികച്ച വളര്‍ച്ച നേടിയവര്‍ക്ക് പ്രത്യേക സാക്ഷ്യപത്രവും നല്‍കും. ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏലത്തിന്റെയും പേരേലത്തിന്റെയും സുസ്ഥിര കൃഷിക്കായി തയ്യാറാക്കിയ പ്ലാന്റ് പ്രൊട്ടക്ഷന്‍ കോഡ് കേന്ദ്രമന്ത്രി സോം പര്‍കാഷ് ചടങ്ങില്‍ പ്രകാശനം ചെയ്യും.