• admin

  • January 23 , 2020

തിരുവനന്തപുരം : സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നതും അവരുടെ മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച് നിലവിലുളള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. നിയമപ്രകാരമുളള വ്യവസ്ഥകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു വനിത നല്‍കുന്ന വിവരങ്ങളും മൊഴി സ്വീകരിക്കുന്നതിന് ക്രിമിനല്‍ നടപടി നിയമ സംഹിത പ്രകാരം വ്യക്തമാക്കിയിട്ടുളള വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 326(എ), 326(ബി), 354, 354(എ), 354(ബി), 354(സി), 354(ഡി), 375, 376, 376(എ), 376(ബി), 376(സി), 376(ഡി), 376(ഇ), 509 എന്നീ വകുപ്പുകള്‍ പ്രകാരമുളള കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ സ്ത്രീ അക്കാര്യം അറിയിക്കുന്നപക്ഷം ഒരു വനിതാ പൊലീസ് ഓഫീസറോ വനിതാ ഓഫീസറോ ആ വിവരം രേഖപ്പെടുത്തേണ്ടതാണ്. കുറ്റകൃത്യത്തിന് വിധേയയാകുന്ന സ്ത്രീകള്‍ക്ക് നിയമസംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകരുടേയോ വനിതാ സംഘടനകളുടേയോ രണ്ടുകൂട്ടരുടേയുമോ സഹായവും ലഭ്യമാക്കണം. വിവരശേഖരണം കഴിയുന്നതും വീഡിയോയില്‍ പകര്‍ത്തേണ്ടതാണ്. ക്രിമിനല്‍ നടപടി നിയമ സംഹിത 161(3) വകുപ്പു പ്രകാരമുളള മൊഴി ഓഡിയോ വീഡിയോ സങ്കേതങ്ങള്‍ ഉപയോഗിച്ച് റിക്കാര്‍ഡ് ചെയ്യാവുന്നതാണ്. വനിതകള്‍ നല്‍കുന്ന മൊഴികള്‍ ഒപ്പിട്ടുവാങ്ങേണ്ട ആവശ്യമില്ല. ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ ചില ഉദ്യോഗസ്ഥര്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.