• admin

  • January 31 , 2020

വെല്ലിങ്ടണ്‍ :   തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഇന്ത്യ-ന്യൂസീലന്‍ഡ് ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ബുംറയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു. കെ എല്‍ രാഹുലും ക്യാപ്റ്റന്‍ കോഹ്ലിയുമാണ് ഇന്ത്യയ്ക്കായി സൂപ്പര്‍ ഓവറില്‍ ബാറ്റുചെയ്യാനെത്തിയത്. ആദ്യ പന്തില്‍ സിക്സറും രണ്ടാം പന്തില്‍ ഫോറും നേടി രാഹുല്‍ ഇന്ത്യയെ അനായാസം ജയത്തിലെത്തിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അടുത്ത പന്തും അതിര്‍ത്തി കടത്താനുള്ള രാഹുലിന്റെ ശ്രമം വിജയിച്ചില്ല. ബൗണ്ടറിക്കരികില്‍ കുഗ്ഗ്ലെയ്ന്‍ പിടിച്ച് പുറത്തായി. എന്നാല്‍ കോഹ്ലിയും സഞ്ജുവും ചേര്‍ന്ന് ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. ഇതോടെ അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4-0 ന് മുന്നിലെത്തി. നേരത്തെ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂപ്പര്‍ ഓവറിലേക്ക് മത്സരം നീളുകയായിരുന്നു.