• admin

  • February 24 , 2020

കല്‍പ്പറ്റ : ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍ നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ(എന്‍എഎഫ്)നിയന്ത്രണത്തില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഒന്നരക്കോടി രൂപ ചെലവിലാണ് സിപ്ലൈന്‍, ഹ്യൂമന്‍ സ്ലിംഗ് ഷോട്ട്, ബഞ്ചി ട്രംപോളിന്‍, ട്രംപോളിന്‍ പാര്‍ക്ക്, ഹ്യൂമന്‍ ഗെയ്‌റോ സൗകര്യങ്ങളോടെ അഡ്വഞ്ചര്‍ പാര്‍ക്ക് സജ്ജീകരിച്ചത്. നടത്തിപ്പില്‍ എന്‍എഎഫുമായി കാരാപ്പുഴ എയ്‌റോ അഡ്വഞ്ചര്‍ സഹകരിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമേറിയ സ്വിപ്പ് ലൈന്‍ അടക്കമുള്ളവയാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് ലൈനുകളിലായി രണ്ടുപേര്‍ക്ക് ഒരേസമയം പോകാവുന്ന സ്വിപ്പ് ലൈനാണ് അഡ്വഞ്ചര്‍ പാര്‍ക്കിലെ മുഖ്യാകര്‍ഷണം. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമേറിയ സ്വിപ്പ് ലൈനാണ് ഇത്. അണക്കെട്ടിന് സമാന്തരമായി ഒരുക്കിയിരിക്കുന്ന സ്വിപ്പ് ലൈനിലൂടെയുള്ള യാത്ര സന്ദര്‍ശകരുടെ മനസ് കീഴടക്കുമെന്നുറപ്പ്. കേരളത്തിലാദ്യമായി എത്തുന്ന ഹ്യൂമന്‍ സ്ലിങ് ഷോട്ടും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയമുള്ളതാകും. ഹ്യൂമന്‍ ഗൈറോ, ട്രമ്പോളിന്‍ പാര്‍ക്ക്, ബഞ്ചി ട്രമ്പോളിന്‍ എന്നിവയും പ്രായഭേദമെന്യേ എല്ലാവര്‍ക്കും ആസ്വദിക്കാവുന്നതാണ്. പ്രവേശന ടിക്കറ്റും സാഹസിക റൈഡുകളുമടക്കം മുതിര്‍ന്നവര്‍ക്ക് 800 രൂപ ചെലവില്‍ കാരാപ്പുഴയിലെ മുഴുവന്‍ വിനോദങ്ങളിലും പങ്കെടുക്കാം.