• Lisha Mary

  • March 25 , 2020

തിരുവനന്തപുരം : കോവിഡ്- 19 വലിയ തോതില്‍ പകരുന്നത് തടയാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ അനിവാര്യമായിരിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൊറോണ വൈറസിന്റെ സമൂഹ വ്യാപന സാധ്യത നിലനില്‍ക്കുന്ന സമയമാണിത്. ഈ സമയത്ത് മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ പരസ്പരം ഇടപഴകുന്നത് വലിയ ആപത്തുണ്ടാക്കും. അതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും ജില്ലയില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാകില്ല. അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ അമിതമായ തിരക്കുണ്ടാക്കുന്നത് ഒഴിവാക്കണം. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാതെ ചിലര്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാകില്ല. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം നടത്തിയിട്ടുള്ള തയ്യാറെടുപ്പുകള്‍ തൃപ്തികരമാണ്. ജില്ലയുടെ 13 അതിര്‍ത്തി പ്രദേശങ്ങളില്‍ ലോക് ഡൗണിന്റെ ഭാഗമായി പരിശോധനകള്‍ നടക്കുന്നു. 34 സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. കന്യാകുമാരി കളക്ടറുമായി തിരുവനന്തപുരം കളക്ടര്‍ ചര്‍ച്ച ചെയ്ത് അതിര്‍ത്തിയിലെ മറ്റ് ക്രമീകരണങ്ങള്‍ തീരുമാനിക്കും. പ്രതിരോധവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ലോക് ഡൗണ്‍ കാലയളവില്‍ അവശ്യ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ മന്ത്രി വിലയിരുത്തി. പാല്‍, വെള്ളം, വൈദ്യുതി, പാചകവാതകം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, റൂറല്‍ എസ്.പി. ബി. അശോക് , എ.ഡി.എം. വി. ആര്‍. വിനോദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.