• Lisha Mary

  • April 18 , 2020

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി തീരുന്ന മുറയ്ക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ. ആഭ്യന്തര വ്യോമയാന രംഗത്ത് തെരഞ്ഞെടുത്ത സര്‍വീസുകള്‍ മെയ് നാലുമുതല്‍ വീണ്ടും ആരംഭിക്കാനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചത്. രാജ്യാന്തര സര്‍വീസുകള്‍ ജൂണ്‍ ഒന്നുമുതല്‍ പുനരാരംഭിക്കാനാണ് എയര്‍ഇന്ത്യ തീരുമാനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് മൂന്നുവരെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ വ്യോമയാന മന്ത്രാലയം റദ്ദാക്കി. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായ ശേഷം മാത്രം വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ ശേഷം മാത്രം പ്രവാസികളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തെ ജനങ്ങളുടെ ജീവ്ന്‍ രക്ഷിക്കാനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് അവസാനത്തോടെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ ജൂണ്‍ ഒന്നുമുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.