• admin

  • February 5 , 2020

കൊച്ചി :

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗി ഭാവിയില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയെ സമീപിച്ചാല്‍ ചികിത്സാവിവരങ്ങള്‍ കംപ്യൂട്ടറില്‍ ലഭ്യമാകുന്ന സംവിധാനം ഒരുങ്ങുന്നു. രോഗിയുടെ വിവരങ്ങളും ചികിത്സാ പ്രോട്ടോകോളും ലഭ്യമാകുന്ന തരത്തില്‍ വിവരങ്ങള്‍ ഡേറ്റാബേസില്‍ അപ്‌ലോഡ് ചെയ്തു സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബത്തേരിയില്‍ വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച പശ്ചാത്തലത്തില്‍ അടിയന്തര ചികിത്സയ്ക്കു സര്‍ക്കാര്‍ ആശുപത്രികളെ സജ്ജമാക്കണമെന്നാവശ്യപ്പെട്ട് കുളത്തൂര്‍ ജയ്‌സിങ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി ഡി ദിലീപിന്റെ സത്യവാങ്മൂലം. 

പാമ്പുകടി സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ജില്ലാതല ആശുപത്രികളിലെല്ലാം പീഡിയാട്രിക് വെന്റിലേറ്റര്‍ സൗകര്യവും പീഡിയാട്രിക് ഐസിയുവും സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.