• admin

  • March 4 , 2020

കല്‍പ്പറ്റ : മേപ്പാടി സ്വദേശി സനല്‍ എം.സിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മേപ്പാടി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ലൈഫ് ഭവന പദ്ധതി പ്രകാരം 2017 ല്‍ സനല്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും നിലവില്‍ വീട് ഉളളതിനാല്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. വാര്‍ഡുതല ഗുണഭോക്തൃ ലിസ്റ്റ് ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് അപേക്ഷ തളളിയത്. എന്നാല്‍ 2019 ലെ പ്രളയത്തില്‍ സനലിന്റെ വീട് തകര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും റീബില്‍ഡ് കേരള ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പുതിയ വീട് നിര്‍മ്മിക്കുവാന്‍ തുക അനുവദിക്കുകയും ചെയ്തിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് പറഞ്ഞു. ആദ്യഗഡുവായ 101900 രൂപയും അടിയന്തര ധനസഹായമായ പതിനായിരം രൂപയും ഉള്‍പ്പെടെ സനലിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ജനപ്രിയ സീറോ ബാലന്‍സ് അക്കൗണ്ടായതിനാല്‍ ഇത് സാധിച്ചില്ല. ഇത്തരം അക്കൗണ്ടുകള്‍ വഴി ഒരു ലക്ഷത്തിന് മുകളിലുളള തുക കൈമാറാനാവില്ലാത്തതാണ് കാരണം. ഇതിന് പുറമേ നിലവില്‍ പ്രസിദ്ധീകരിച്ച പിഎംഎവൈ ലിസ്റ്റിലും സനല്‍ ഉള്‍പ്പെട്ടിരുന്നതായി സഹദ് പറഞ്ഞു. വസ്തുത ഇതായിരിക്കെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ആരോപണങ്ങളുമായി പലരും മുന്നോട്ട് വരുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ ആരോപിച്ചു. വൈസ് പ്രസിഡന്റ് ഷൈജ ബേബി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ തമ്പി, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.സീനത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. യുഡിഎഫ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു സനലിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും യുഡിഎഫ് മേപ്പാടി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. കെ.പി.സി.സി അംഗം കെ.എല്‍.പൗലോസിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. പഞ്ചായത്ത് ഓഫീസ് ഉപരോധം കെ.എല്‍.പൗലോസ് ഉദ്ഘാടനം ചെയ്യുന്നു