• admin

  • February 29 , 2020

തിരുവനന്തപുരം : മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 2019 ലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ജില്ലാതല ആശുപത്രികളില്‍ 91.92 ശതമാനം മാര്‍ക്ക് നേടി പൊന്നാനി ഡബ്ല്യൂ ആന്റ് സി ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 50 ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ കോഴിക്കോട് ജനറല്‍ ആശുപത്രിക്കാണ്. ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ അഞ്ച് ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് നല്‍കും. ജി.എച്ച്. എറണാകുളം, ഡബ്ല്യൂ ആന്റ് സി ഹോസ്പിറ്റല്‍ മങ്ങാട്ടുപറമ്പ, ഡി.എച്ച്.തിരൂര്‍, ജി.എച്ച് ഇരിങ്ങാലക്കുട, ഡബ്ല്യൂ ആന്റ് സി ഹോസ്പിറ്റല്‍ (ആലപ്പുഴ ) എന്നിവയാണ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹമായ ആശുപത്രികള്‍. സബ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയ്ക്ക് പയ്യന്നൂര്‍ താലൂക്ക് ആശുപത്രി അര്‍ഹത നേടി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ കൊടുങ്ങല്ലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയും താമരശ്ശേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയും പങ്കുവെച്ചു. സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ അഞ്ച് ആശുപത്രികള്‍ക്ക് ഒരു ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കും. കരുനാഗപ്പള്ളി, ഹരിപ്പാട്, പൊന്നാനി, കൊയിലാണ്ടി, പാമ്പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികള്‍ സബ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹരായി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ മൂന്ന് ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. ആദ്യ ക്ലസ്റ്ററില്‍ വെള്ളൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (കോട്ടയം) രണ്ട് ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനാണ് (കോട്ടയം). രണ്ടാം ക്ലസ്റ്ററില്‍ ആനപ്പുഴ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (തൃശൂര്‍ ) രണ്ട് ലക്ഷം രൂപ കരസ്ഥമാക്കി. മൂലംകുഴി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (എറണാകുളം ) ഒന്നര ലക്ഷം രൂപ നേടി. കാച്ചേരി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (തൃശൂര്‍) മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ കരസ്ഥമാക്കി. മൂന്നാം ക്ലസ്റ്ററില്‍ കല്ലുനിറ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (കോഴിക്കോട്) ഒന്നാം സ്ഥാനത്തെത്തി. രണ്ട് ലക്ഷം രൂപയാണ്. നിലമ്പൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (മലപ്പുറം) രണ്ടാം സമ്മാനം കരസ്ഥമാക്കി. മംഗലശ്ശേരി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (മലപ്പുറം) മൂന്നാം സമ്മാനം കരസ്ഥമാക്കി. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ട് ലക്ഷം രൂപ വീതവും ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും ലഭിക്കും. കരകുളം എഫ്.എച്ച്.സി. (തിരുവനന്തപുരം), എളമ്പളളൂര്‍ എഫ്.എച്ച്.സി. (കൊല്ലം), പുന്നപ്ര നോര്‍ത്ത് പി.എച്ച്.സി. (ആലപ്പുഴ), ചെന്നീര്‍ക്കര എഫ്.എച്ച്.സി. (പത്തനംതിട്ട), വെളിയന്നൂര്‍ എഫ്.എച്ച്.സി. (കോട്ടയം), കുമാരമംഗലം എഫ്.എച്ച്.സി. (ഇടുക്കി), മനീട് പി.എച്ച്.സി. (എറണാകുളം), വെറ്റിലപ്പാറ പി.എച്ച്.സി.(തൃശൂര്‍), കല്ലടിക്കോട് എഫ്.എച്ച്.സി. (പാലക്കാട്), കോട്ടയ്ക്കല്‍ എഫ്.എച്ച്.സി. (മലപ്പുറം), രാമനാട്ടുകര എഫ്.എച്ച്.സി. (കോഴിക്കോട്), പൂതാടി എഫ്.എച്ച്.സി.(വയനാട്),കതിരൂര്‍ എഫ്.എച്ച്.സി. (കണ്ണൂര്‍), കരിന്തളം എഫ്.എച്ച്.സി. (കാസര്‍ഗോഡ്) എന്നിവയാണ് പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.