• Lisha Mary

  • March 29 , 2020

ന്യൂഡല്‍ഹി : അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടക്കണമെന്നും അതിഥി തൊഴിലാളികള്‍ എവിടെയാണോ അവിടെ തുടരാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തൊഴിലാളികള്‍ എവിടെയാണോ ഉള്ളത് അവിടം വിട്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തണം. സംസ്ഥാനത്ത് കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കണം. ഇവര്‍ക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ ഫണ്ട് കേന്ദ്രം അനുവദിക്കുമെന്നും ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടത് അനിവാര്യമാണ്. എല്ലാവരുടെയും ഗുണത്തിന് വേണ്ടിയാണ് അത് നടപ്പിലാക്കിയിരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ ചിലര്‍ കുഴഞ്ഞുവീണ് മരിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ നാട്ടിലേക്ക് മടങ്ങാനായി അതിഥിതൊഴിലാളികള്‍ ബസ് കാത്തുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. നാട്ടിലേക്ക് തിരികെ പോകുന്നതിനായി വാഹനമാവശ്യപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട്ടും ആയിരക്കണക്കിന് അതിഥിതൊഴിലാളികള്‍ റോഡ് ഉപരോധിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിറകെയാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.