• Lisha Mary

  • April 8 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതുതായി 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാലുപേര്‍ക്കും ആലപ്പുഴയില്‍ രണ്ടുപേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന നാലുപേരിലാണ് രോഗബാധ കണ്ടെത്തിയത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ് രണ്ടുപേര്‍. സമ്പര്‍ക്കം വഴിയാണ് മൂന്നുപേര്‍ക്ക് രോഗബാധ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരം, തൃശൂര്‍ എന്നി ജില്ലകളില്‍ നിന്നുളള രണ്ടുപേര്‍ വീതം ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് 345 പേര്‍ക്കാണ് കോവിഡ് ബാധ ഉണ്ടായത്. ഇതില്‍ 259 പേര്‍ ചികിത്സയില്‍ കഴിയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 1,40,474 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്ന് 169 പേരെയാണ് പുതുതായി വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കിയത്. 11,986 സ്രവ പരിശോധന ഫലത്തില്‍ 10,906 സാമ്പിളുകള്‍ നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ഇതില്‍ 15 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.