• Lisha Mary

  • March 25 , 2020

തിരുവനന്തപുരം : പുതുതായി സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതില്‍ ആറ് പേര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. ആകെ 12 പേര്‍ രോഗവിമുക്തരായിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ പാലക്കാട്, മൂന്നു പേര്‍ എറണാകുളം, രണ്ട് പേര്‍ പത്തനംതിട്ട, ഒരാള്‍ കോഴിക്കോട് എന്നിവിടങ്ങളിലാണ്. നാലുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യു.കെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് ഇടപഴകിലൂടെ ലഭിച്ചതാണ്. തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയില്‍ കഴിഞ്ഞവരാണ് രോഗമുക്തരായത്. സംസ്ഥാനത്ത് 76542 പേരാണ് നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണുള്ളത്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഫ്രാന്‍സില്‍നിന്നുള്ള കൊറോണ ബാധിതനൊപ്പം സഞ്ചരിച്ച ഒരു ടാക്സി ഡ്രൈവര്‍ക്കാണ് എറണാകുളത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍. ഇത് കാണിക്കുന്നത് നാം കൂടുതല്‍ കരുതലെടുക്കണം എന്നാണ്. പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണിത്. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളും വ്യക്തികളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് നിയമം. ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാം. പൊതു, സ്വകാര്യ ഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താം, സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡം കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കിയിട്ടുണ്ട്. അതിനു മുന്‍പുതന്നെ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. സ്ഥിതി കൂടുതല്‍ ഗൗരവതരമാകുന്നു എന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് പോകേണ്ടതുണ്ട്. സര്‍ക്കാര്‍ ജനജീവിതം ഭദ്രമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെതന്നെ അരിയും ഭക്ഷ്യവസ്തുക്കളും നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും ഓരോരുത്തര്‍ക്കും നല്‍കും. ഒരു കുടുംബവും പട്ടിണികിടക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ സമൂഹം ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ പത്രസ്ഥാപനങ്ങളുടെ മേധാവികളുമായി നടന്ന കൂടിക്കാഴ്ചയില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം വന്നിരുന്നു. നാളെ മുതല്‍ വാര്‍ത്താസമ്മേളനത്തിന് പകരം മറ്റൊരു മാര്‍ഗം കാണാമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.