• Lisha Mary

  • April 6 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് 13 പര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് കണക്ക്. കാസര്‍കോട് രോഗം ബാധിച്ചവരില്‍ ആറ് പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊല്ലം, മലപ്പുറം എന്നി ജില്ലകളിലുളള നിന്നുളള രണ്ടുപേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ടയില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ വിദേശത്ത് നിന്ന് വന്നയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 327 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 266 പേര്‍ ചികിത്സയില്‍ കഴിയുന്നു. 1,52,804 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 1,52,009 പേര്‍ വീടുകളിലും ബാക്കിയുളളവര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 795പേരെയാണ് വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 122 പേരെ ഇന്നാണ് പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 10716 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 9607 എണ്ണം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ നമുക്ക് കഴിയുന്നുണ്ട്. എന്നാല്‍ ലോകത്താകെയുളള സ്ഥിതിഗതികള്‍ നമ്മെ അസ്വസ്ഥപ്പെടുത്തുന്നതായി പിണറായി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 മലയാളികള്‍ മരിച്ചുവെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കണക്ക്. എല്ലാ മേഖലകളിലും നിന്ന് ഔദ്യോഗികമായി വിവരം ലഭിച്ചാലേ വിദേശത്ത് മരിച്ചവരുടെ കണക്ക് അന്തിമമായി പറയാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.