• admin

  • June 26 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതിബില്‍ ഇളവ് പ്രാബല്യത്തില്‍ വന്നു. ലോക്ക്‌ഡൗണ്‍ നിലവില്‍ വന്ന ദിവസം മുതല്‍ ഈ ഇളവ് ലഭ്യമാകും. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19വരെ നല്‍കിയ ബില്ലുകള്‍ക്കാണ് സബ്‌സിഡി. ബില്ലിങ് സോഫ്റ്റുവെയറില്‍ മാറ്റം വരുത്തിയ ശേഷം ലഭിക്കുന്ന ആദ്യ ബില്ലില്‍ സബ്സിഡി ലഭിക്കും. സബ്‌സിഡി നല്‍കുന്നതിലൂടെ വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. കോവിഡ് കാലത്ത് വൈദ്യുതി ബില്ലുകളില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചത്.   സബ്‌സിഡി ഇങ്ങനെ; ∙40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും. ∙പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും. ∙പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുക വര്‍ധനവിന്‍റെ പകുതി സബ്സിഡി നല്‍കും. ∙പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ധനവിന്‍റെ 30 ശതമാനം സബ്സിഡി അനുവദിക്കും. ∙പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ധനവിന്‍റെ 25 ശതമാനമായിരിക്കും സബ്സിഡി.