• admin

  • July 1 , 2020

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും ചിഫ് ജസ്റ്റിസ് എസ് മണികുമാറും ചേര്‍ന്ന് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത 17 അതിവേഗ പോക്സോ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര - -സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭമായ അതിവേഗ പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമകാര്യ വകുപ്പാണ് മുന്‍കൈയ്യെടുത്തത്. ബലാത്സംഗ കേസുകള്‍ 2 മാസത്തിനകവും പോക്സോ കേസുകള്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന നിയമ വ്യവസ്ഥ ഉണ്ടെങ്കിലും കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് പുതിയ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കകയും ജഡ്ജിമാരുടെയും ജീവനക്കാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തത്. 14 ജില്ലകളിലായി 28 അതിവേഗ പോക്സോ കോടതികള്‍ സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. ഇതില്‍ 17 കോടതികളാണ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടത്. വര്‍ഷത്തില്‍ 165 കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കണമെന്ന ലക്ഷ്യമിട്ടാണ് അതിവേഗ പോക്സോ കോടതികള്‍ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ പുതിയ കോടതികള്‍ സ്ഥാപിക്കാന്‍ 21 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം നീക്കിവച്ചത്. ആറ്റിങ്ങല്‍, കരുനാഗപ്പള്ളി, പത്തനംതിട്ട, ഹരിപ്പാട്, കോട്ടയം, ചങ്ങനാശ്ശേരി, പൈനാവ്, കട്ടപ്പന, പെരുമ്പാവൂര്‍, കുന്ദംകുളം, പട്ടാമ്പി, പെരുന്തല്‍മണ്ണ, കോഴിക്കോട്, കൊയിലാണ്ടി, കല്‍പ്പറ്റ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.