• admin

  • January 28 , 2020

ഷാര്‍ജ : 37 വര്‍ഷത്തിനുശേഷം ഷാര്‍ജയില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി. മഹാനി വണ്‍ പര്യവേക്ഷണക്കിണര്‍ 14,597 അടി ആഴത്തില്‍ കുഴിച്ചെത്തിയപ്പോഴാണ് പ്രകൃതിവാതകത്തിന്റെ വന്‍ശേഖരം കണ്ടെത്തിയത്. ഇവിടെ പ്രതിദിനം 500 ലക്ഷം ഘനയടി വാതകം ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷ. ഷാര്‍ജ നാഷണല്‍ ഓയല്‍ കോര്‍പ്പറേഷനും (എസ്.എന്‍.ഒ.സി.) ഇറ്റാലിയന്‍ പങ്കാളിയായ ഇ.എന്‍.ഐ. യും ചേര്‍ന്നാണ് പുതിയ പ്രകൃതിവാതകകേന്ദ്രം കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. ചരിത്രപരമായ ഈ കണ്ടെത്തല്‍ ഷാര്‍ജയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മെച്ചപ്പെടുത്തുമെന്നും യു.എ.ഇ. യുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും ഷാര്‍ജ ഉപഭരണാധികാരിയും ഷാര്‍ജ ഓയില്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ കാസിമി പറഞ്ഞു. ഷാര്‍ജ വ്യവസായമേഖലയ്ക്കും ഇത് ഗുണംചെയ്യും. മഹാനി പര്യവേക്ഷണക്കിണര്‍ കണ്ടെത്തല്‍ ഷാര്‍ജയെ ഒരു സുരക്ഷിത ആഗോള സാമ്പത്തിക മേഖലയായും പ്രദേശത്തെ പ്രധാന വാതക വിതരണ കേന്ദ്രമായും മാറ്റുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൂടുതല്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മറ്റ് വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഏരിയ ബി കണ്‍സെഷനില്‍ സ്ഥിതിചെയ്യുന്ന മഹാനി വണ്‍ എസ്.എന്‍.ഒ.സി. നടത്തുന്ന ആദ്യത്തെ പര്യവേഷണക്കിണറാണിത്. ഏരിയ-ബിയുടെ ഓപ്പറേറ്ററായ എസ്.എന്‍.ഒ.സി. യും എന്‍.എന്‍.ഐ. യും 2019-ന്റെ തുടക്കത്തില്‍ ഒപ്പുവെച്ചകരാറിന്റെ അടിസ്ഥാനത്തില്‍ 50 ശതമാനം ഓഹരി കൈവശംവെച്ചിട്ടുണ്ട്. ഷാര്‍ജ തീരപ്രദേശത്തുള്ള കണ്‍സെഷന്‍ മേഖലകളായ എ.സി. എന്നിവയിലും രണ്ട് കമ്പനികളും പങ്കാളികളാണ്. ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ, ശൈഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ കാസിമി അഭിനന്ദനം അറിയിച്ചു. എമിറേറ്റിന്റെ വിഭവങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഊര്‍ജ കരുതല്‍ശേഖരത്തില്‍ സംഭാവന ചെയ്യുന്നതിനും രാജ്യത്ത് സുസ്ഥിരവികസനവും നല്ല സാമ്പത്തിക അന്തരീക്ഷവും സൃഷ്ടിക്കുന്നതിനും സജ്ജമാക്കിയ ചരിത്രപരമായ കണ്ടെത്തലാണിതെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു. പാര്‍പ്പിട, വ്യാവസായിക, പൊതു ഉപയോഗങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യകത നിറവേറ്റുന്നതിന് രാജ്യത്തെ സഹായിക്കാന്‍ ഇത് ഉപകരിക്കും. ഷാര്‍ജയുടെ വ്യാവസായിക മേഖലയിലേക്ക് കൂടുതല്‍നിക്ഷേപം ആകര്‍ഷിക്കാനും പുതിയ വാതകകേന്ദ്രം വഴി സാധ്യമാവും. കൂടുതല്‍ വ്യാവസായിക നിക്ഷേപം ഷാര്‍ജയിലേക്ക് ആകര്‍ഷിക്കാനും കൂടുതല്‍ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും. സാമ്പത്തിക ചലനാത്മകത, ഉയര്‍ന്ന ജി.ഡി.പി., സാമ്പത്തിക വൈവിധ്യം എന്നിവയ്ക്കുള്ള ഊര്‍ജസ്വലമായ ആഗോള സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി മാറുന്ന നിരവധി സവിശേഷഗുണങ്ങള്‍ ഷാര്‍ജയ്ക്കുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഷാര്‍ജ ഭരണാധികാരിയുടെ കാഴ്ചപ്പാടിന് അനുസൃതമായുള്ള ഗ്യാസ് ഫീല്‍ഡ് കണ്ടെത്തലിന്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ഷാര്‍ജ തുറമുഖ കസ്റ്റംസ് വകുപ്പ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഊന്നിപ്പറഞ്ഞു. കണ്ടെത്തല്‍ എമിറേറ്റിന് ഒരു വലിയനേട്ടമായി അടയാളപ്പെടുത്തുന്നുവെന്നും കൂടുതല്‍ വ്യാവസായിക വാണിജ്യപദ്ധതികള്‍ സൃഷ്ടിച്ച് എല്ലാ മേഖലകളെയും പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്നും ശൈഖ് ഖാലിദ് വ്യക്തമാക്കി.