• admin

  • March 3 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്ത ശൈത്യകാല മഴയില്‍ ഇത്തവണ 57% കുറവ് രേഖപ്പെടുത്തി. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ശരാശരി 22.4 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ പെയ്തത് 9.6 മില്ലിമീറ്റര്‍ മാത്രം. കഴിഞ്ഞ ശൈത്യകാലത്ത് 13.1 മില്ലിമീറ്റര്‍ ലഭിച്ചിരുന്നു. ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതു തിരുവനന്തപുരം ജില്ലയിലാണ്. 51.1 ശതമാനം മഴയാണ് ഇവിടെ ലഭിച്ചത്. കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മഴ ലഭിച്ചില്ല. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അധിക മഴ കിട്ടിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞവര്‍ഷം 11.0 മില്ലിമീറ്റര്‍ മഴ ലഭിച്ച സ്ഥാനത്ത് ഇത്തവണ 51.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. എറണാകുളത്ത് കഴിഞ്ഞ തവണ 7.2 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചതെങ്കില്‍, ഇത്തവണ 36.9 മില്ലിമീറ്റര്‍ മഴ പെയ്തു. ആലപ്പുഴയില്‍ 2019 ല്‍ മൂന്നു മില്ലി മീറ്റര്‍ മഴ കിട്ടിയപ്പോള്‍ ഇത്തവണ അത് 14.6 മില്ലി മീറ്ററായി ഉയര്‍ന്നു. അതേസമയം പത്തനംതിട്ടയില്‍ 2019 ല്‍ 75.3 മില്ലിമീറ്റര്‍ മഴ ലഭിച്ച സ്ഥാനത്ത് ഇത്തവണ പെയ്തത് 11.4 മില്ലിമീറ്റര്‍ മാത്രം. ഇടുക്കിയില്‍ കഴിഞ്ഞവര്‍ഷം 25.9 മില്ലിമീറ്റര്‍ മഴയാണ് പെയ്തതെങ്കില്‍ ഇത്തവണ ലഭിച്ചത് 4.5 മില്ലി മീറ്റര്‍ മാത്രവും. വയനാട്ടിലും മഴ ഗണ്യമായി കുറഞ്ഞു.