• admin

  • February 20 , 2020

ആലുവ :

പിതൃതർപ്പണത്തിനു എത്തുന്ന ആയിരങ്ങളെ വരവേൽക്കാൻ ആലുവ ഒരുങ്ങി. ഭക്തർക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളും സജ്ജമായി. ശിവരാത്രി ആഘോഷത്തോട്‌ അനുബന്ധിച്ച്‌ ഒരുമാസം നീളുന്ന വ്യാപാര മേളയുടെ ഒരുക്കങ്ങളും പൂർത്തിയായി. ശിവരാത്രി നാളിൽ കെഎസ്‌ആർടിസി, കെഎസ്‌ഇബി  ഓഫീസുകൾ, ജില്ലാ ആശുപത്രിയുടെ പ്രഥമശുശ്രൂഷ യൂണിറ്റ്‌, ഹോമിയോ ആശുപത്രി യൂണിറ്റ്‌ എന്നിവയും മണപ്പുറത്ത്‌ പ്രവർത്തിക്കും. നഗരസഭാ ഓഫീസ്‌, ഫയർ സ്‌റ്റേഷൻ എന്നിവയുമുണ്ടാകും.

മണപ്പുറത്ത്‌   ദീപാലങ്കാര ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കുളിക്കടവുകളിലും ലൈറ്റ്‌ സ്ഥാപിച്ചു. നാവികസേന മുങ്ങൽ വിദഗ്‌ധരുടെ സേവനം ലഭ്യമാക്കും. തിരക്കേറിയ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്‌. ക്ലോസ്‌ഡ്‌ സർക്യൂട്ട്‌ ക്യാമറകൾ സ്ഥാപിച്ചുവരുന്നു. മണപ്പുറത്ത്‌ രണ്ട്‌ വാച്ച്‌ ടവറുകൾ സജ്ജമാക്കി. മണപ്പുറവും പരിസരവും ഡ്രൈഡേ ആയിരിക്കും. ഹോട്ടലുകളിലെ ആഹാരസാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിനും അളവു–-തൂക്ക പരിശോധനയ്‌ക്കും നിർദേശം നൽകിയിട്ടുണ്ട്‌. വ്യാപര മേള അവസാനിക്കും  മണപ്പുറം ശുചീകരണത്തിനു തൊഴിലാളികളെ  നിയോഗിക്കും. താൽക്കാലിക കുടിവെള്ള സംവിധാനവും ശുചിമുറികളും ഒരുക്കിയിട്ടുണ്ട്‌.

സംസ്ഥാന സർക്കാർ നിർദേശമനുസരിച്ച്‌ മണപ്പുറത്ത്‌ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. പ്ലാസ്‌റ്റിക്‌ ക്യാരിബാഗുകളും നിരോധിത പ്ലാസ്‌റ്റിക്കിന്റെ ഉപയോഗവും കർശനമായി തടയും. ഭക്തർക്കും ഉദ്യോഗസ്ഥർക്കും ഇൻഷുറൻസ്‌ പരിരക്ഷ ഏർപ്പെടുത്തി.  വടക്കേ മണപ്പുറത്ത്‌ അമ്യൂസ്‌മെന്റ്‌ പാർക്കും പ്രവർത്തിക്കും. മാർച്ച്‌ ഒന്നുമുതൽ ഏഴുവരെ മണപ്പുറത്ത്‌ സംഗീതോത്സവം അരങ്ങേറുമെന്നും നഗരസഭാ അധ്യക്ഷ ലിസി എബ്രഹാം അറിയിച്ചു.

സുരക്ഷയ്‌ക്ക്‌ 2000 പൊലീസുകാർ
സുരക്ഷാക്രമീകരണത്തിനായി രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിക്കുമെന്ന്‌ റൂറൽ ജില്ലാ പൊലീസ്‌ മേധാവി കെ കാർത്തിക്‌ അറിയിച്ചു. 10 ഡിവൈഎസ്‌പിമാർ, 30 സിഐമാർ, 164 മറ്റ്‌ ഓഫീസർമാർ, 1500 പൊലീസുകാർ 200 വനിതാ പൊലീസുകാർ എന്നിവരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കാൻ മഫ്‌ടി പൊലീസ്‌ ഉൾപ്പെടെ പ്രത്യേക സ്‌ക്വാഡും ഉണ്ടാകും.  മണപ്പുറത്ത്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ്‌ കൺട്രോൾ റൂം 21 മുതൽ പ്രവർത്തനം ആരംഭിക്കും.