• admin

  • February 15 , 2020

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്തരുതെന്ന ഹൈക്കോടതി വിധിക്കതെിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍. 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനാക്കുമ്പോള്‍ ഉണ്ടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീം കോടതിയെ അറിയിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു. 2019ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താന്‍ പ്രായോഗിക പ്രശ്നങ്ങളുണ്ട്. ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലേക്കു പുന:സംവിധാനം ചെയ്യണം. അതിനു പത്തു കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ നിലവില്‍ പട്ടിക പുതുക്കല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതെല്ലാം ആദ്യം മുതല്‍ ചെയ്യേണ്ടിവരും. ഇക്കാര്യങ്ങളെല്ലാം സുപ്രീം കോടതിയെ അറിയിക്കും. അടുത്തയാഴ്ച അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് കമ്മിഷണര്‍ പറഞ്ഞു. 2015 ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കരടു വോട്ടര്‍ പട്ടിക തയാറാക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നിരുന്നു. 2019ലെ വോട്ടര്‍ പട്ടിക നിലനില്‍ക്കെ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനെയാണ് പാര്‍ട്ടികള്‍ ചോദ്യം ചെയ്തത്. കമ്മിഷന്‍ തീരുമാനത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെതിരെ മസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് 2015ലെ പട്ടിക ഉപയോഗിക്കരുതെന്ന് ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.