• Lisha Mary

  • April 13 , 2020

ന്യൂഡല്‍ഹി : കോവിഡ് ഭീതിയെത്തുടര്‍ന്ന് വിദ്യാഭ്യാസ മേഖലയിലുണ്ടായ പ്രവൃത്തി ദിനങ്ങളുടെ നഷ്ടം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വേനലവധി നേരത്തെ അവസാനിപ്പിച്ച് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി സൂചന. ഇതനുസരിച്ച് അക്കാദമിക് കലണ്ടര്‍ പുന:ക്രമീകരിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുകളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടേക്കും. ലോക്ക്ഡൗണ്‍ കഴിയുന്നതോടെ വേനലവധി വെട്ടിക്കുറച്ച് സ്‌കൂളുകള്‍ തുറക്കാനും പരീക്ഷകള്‍ നടത്താനും സംസ്ഥാനങ്ങളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മേയ് മാസം പകുതിയോടെയോ മേയ് മൂന്നാം വാരത്തോടെയോ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചേക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കേന്ദ്രം ആവശ്യപ്പെടും. ലോക്ക്ഡൗണ്‍ വേളയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും തടസപ്പെട്ട പരീക്ഷകള്‍ക്കുള്ള മാര്‍ഗരേഖ സംബന്ധിച്ചുമുള്ള നിര്‍ദേശങ്ങള്‍ യുജിസിക്ക് കീഴിലുള്ള പാനല്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് ഉടന്‍ തന്നെ സമര്‍പ്പിച്ചേക്കും. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്ന കാര്യവും കേന്ദത്തിന്റെ പരിഗണനയിലുണ്ട്. ലോക്ക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ ചില സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താന്‍ സജ്ജരായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള യൂണിവേഴ്‌സിറ്റികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷകളുടെ നടത്തിപ്പിന് ചില തടസങ്ങളുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. സമയം ലാഭിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനും കേന്ദ്രം ആവശ്യപ്പെട്ടേക്കും. രാജ്യത്തെ ഓണ്‍ലൈന്‍ പഠനത്തില്‍ കഴിഞ്ഞ രണ്ടാഴ്ച വലിയ വര്‍ധവുണ്ടായെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍വകലാശാല, ഐഐടി, ഐഐഐടി, എന്‍ഐടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 50-65 ശതമാനം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്ക്.