• admin

  • February 24 , 2020

 പത്തനംതിട്ട :

ഭാരത സെൻസസ് 2021 ന്റെ പ്രരംഭ നടപടികൾ ആരംഭിച്ചു. 30 ലക്ഷത്തോളം സർക്കാർ ഉദ്യോഗസ്ഥർ വിവരശേഖരണത്തിനായി താമസസ്ഥലങ്ങളിൽ എത്തും. സെൻസസ് ചരിത്രത്തിൽ ആദ്യമായി വിവര ശേഖരണത്തിന് ഉദ്യോഗസ്ഥർ മൊബൈൽ ആപ്പ് ഉപയോഗിക്കും.  പ്രവർത്തനങ്ങളുടെ തത്സമയ പുരോഗതി നിരീക്ഷിക്കാൻ വെബ്‌പോർട്ടലും  ഉപയോഗിക്കും.  നൽകുന്ന വിവരങ്ങൾ തികച്ചും രഹസ്യാത്മകമായിരിക്കും. അതിനാൽ  വീട് സന്ദർശിക്കുന്ന എന്യുമറേറ്റർമാർക്കും, സൂപ്പർവൈസർമാർക്കും ശരിയായ വിവരങ്ങൾ നൽകുകയും സെൻസസിനോട്‌ പൂർണമായും സഹകരിക്കുകയും വേണം. 

സെൻസസിന്റെ ഒന്നാം ഘട്ടം വീടുപട്ടിക തയാറാക്കലും, വീടുകളുടെ സെൻസസും ആണ്. ഏകദേശം 77000 സർക്കാർ ഉദ്യോഗസ്ഥരാണ് നിയോഗിക്കുക. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരിയിൽ നടക്കും. ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയാറാക്കുന്നതിനോടൊപ്പം ആവാസസ്ഥിതി, പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത, പാർപ്പിട ദൗർലഭ്യം എന്നിവ വിലയിരുത്തുന്നതിന് ലഭ്യമായ വിവിധ സൗകര്യങ്ങളെ സംബന്ധിക്കുന്നതും കുടുംബത്തിന്‌ കൈവശമുള്ള സാമഗ്രികളെ കുറിച്ചുള്ളതും ഉൾപ്പെടെ 31 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒന്നാം ഘട്ടത്തിന് വേണ്ടി സെൻസസ് അധികാരികൾക്കുള്ള പരിശീലനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ജില്ലാ സെൻസസ് ഉദ്യോഗസ്ഥർക്കും, തഹസിൽദാർമാർക്കും, മുനിസിപ്പൽ സെക്രട്ടറിമാർ തുടങ്ങിയ ചാർജ് ഓഫീസർമാർക്കും, സെൻസസ് ക്ലർക്ക്മാർക്കും ഉള്ള പരിശീലന പരിപാടി 25,26 തീയതികളിൽ നടക്കും.