• admin

  • January 23 , 2020

തൊടുപുഴ : ജീവിതമാണ് ലഹരിയെന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ മിഷനായ വിമുക്തിയുടെ ലഹരിവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സകൂളില്‍ നടന്ന ജില്ലാതല ക്വിസ്, എണ്ണഛായ, ജലച്ചായ മത്സരങ്ങളിലെ ജേതാക്കള്‍ക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലഹരിവിരുദ്ധ സന്ദേശവും അദ്ദേഹം പങ്കുവച്ചു. 'നാളത്തെ കേരളം ലഹരി മുക്ത നവ കേരളം' എന്ന പ്രമേയത്തിലൂന്നിയ 90 ദിന തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വിമുക്തിമിഷന്‍ ഇടുക്കി ഡിവിഷന്റെയും നെഹ്‌റു കോളേജ് ബാലഗ്രാമിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ നടത്തിയത്. വിമുക്തി ജില്ലാ മനേജര്‍ മുഹമ്മദ് ന്യൂമാന്‍ എച്ച്, കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, മുന്‍ ചെയര്‍മാന്‍ മനോജ്. നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ആബിദ് സഹീം, അഡ്മിനിസ്‌ട്രേറ്റര്‍ അശോകന്‍ എന്നിവര്‍ സമ്മാന വിതരണ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി വണ്ടിപ്പെരിയാര്‍ റേയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ രാജ് കുമാര്‍ ബി ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. സ്‌കൂള്‍-കോളേജ് തല ലഹരി വിരുദ്ധ ക്ലബുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, കുടുംബശ്രീ, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികളടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി-യുവജന-മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ലഹരി വിമുക്തകേരളം സാക്ഷാത്കരിക്കുന്നതിനാണ് വിമുക്തി ഊന്നല്‍ നല്‍കുന്നത്. വിദ്യാഭ്യാസ മേഖലയിലൂന്നിയ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ലഹരി ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിപണനവും ഇല്ലാതാക്കല്‍, മദ്യം-മയക്കുമരുന്ന് എന്നിവയ്ക്ക് അടിമകളായവര്‍ക്ക് ബോധവല്‍ക്കരണം, പുനരധിവാസം, സാമൂഹിക ക്രിയാത്മക ഇടപെടലുകള്‍ എന്നിവയും വിമുക്തിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.