• admin

  • February 17 , 2020

കൊച്ചി : കാര്‍ഷിക സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ അവരുടെ വിജ്ഞാനം കര്‍ഷകര്‍ക്കും സമൂഹത്തിനും ഗുണകരമായ രീതിയില്‍ വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുസാറ്റില്‍ നടന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് 2020 ന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ കഴിവുകള്‍ അവര്‍ കാര്‍ഷികരംഗത്ത് പ്രതിഫലിപിക്കണം. ഇതിനോടകം കേരളത്തില്‍ ഇത്തരത്തിലുള്ള ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതേ തുടര്‍ന്നുള്ള പുരോഗതി സംസ്ഥാനത്ത് ദൃശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അവരവരുടെ മേഖലയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചടങ്ങില്‍ പങ്കുവച്ചു. വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ നടപടി ആവശ്യമുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. സംരംഭകര്‍ക്ക് വിവിധ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കും. ചെലവ് കുറഞ്ഞതും കൂടുതല്‍ ഈട് നിലനില്‍ക്കുന്നതുമായ നൂതന നിര്‍മ്മാണ രീതികള്‍ അനുസരിച്ച് കേരളത്തിലെ നിര്‍മ്മാണമേഖലയെ നവീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ 400ലധികം പ്രൊഫഷണല്‍ കോളേജുകളില്‍ നിന്നുള്ള 2000 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ പ്രൊഫഷണല്‍ രംഗങ്ങളില്‍ വിദഗ്ദ്ധരായവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട ആധുനികവും നവീനവുമായ അറിവ് നേടാനും തൊഴില്‍ സാധ്യതകള്‍ മനസിലാക്കാനും സമ്മിറ്റ് സഹായകമായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ടി. ജലീല്‍, വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, അസാപ്പ് സി. ഇ. ഒ. വീണ മാധവന്‍ ഐ.എ.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.