• Lisha Mary

  • March 13 , 2020

ആലപ്പുഴ : ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന വിദേശികളെ കോവിഡ് 19 ന്റെ പേര് പറഞ്ഞ് അപമാനിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. വിദേശസഞ്ചാരികളെ കോവിഡ് 19 പേരുപറഞ്ഞ് ചിലര്‍ അപമാനിക്കുന്നതായും വിദേശ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ടിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. 2020 ജനുവരി ഒന്നുമുതല്‍ ആലപ്പുഴയില്‍ എത്തിയ മുഴുവന്‍ വിദേശസഞ്ചാരികളുടേയും വിശദമായ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടവരെ രോഗനിര്‍ണയ പരിശോധന നടത്തി പ്രത്യേകം താമസിപ്പിച്ചിട്ടുണ്ട്. നിലവില്‍ എമിഗ്രേഷന്‍ പരിശോധന കൂടാതെ, പോലീസ് രഹസ്യാന്വേഷണ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവ വഴിയും ശക്തമായ നിരീക്ഷണവും പരിശോധനയും നടത്തി വരുന്നുണ്ട്. വിദേശികളെ അപമാനിക്കുകയും ടൂറിസം മേഖലയെ തകര്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് സംശയനിവൃത്തി വരുത്തുന്നതിനും വിവരങ്ങള്‍ അറിയിക്കുന്നതിനും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. നാടിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.