• admin

  • January 12 , 2020

: ന്യൂഡല്‍ഹി: വിഐപികളുടെ സുരക്ഷാ ചുമതലകളില്‍ നിന്ന് 'ബ്ലാക് ക്യാറ്റ്' എന്നു വിളിപ്പേരുള്ള എന്‍എസ്ജി കമാന്‍ഡോകളെ പൂര്‍ണമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഭീകരവിരുദ്ധ സേനയാണു നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍സ്ജി). നെഹ്‌റു - ഗാന്ധി കുടുംബത്തിന് 28 വര്‍ഷം നീണ്ട എസ്പിജി കാവല്‍ ഇല്ലാതായതിനു പിന്നാലെയാണ് ഈ മേഖലയില്‍ നിന്ന് എന്‍എസ്ജിയെ മുഴുവനായി മാറ്റാന്‍ കേന്ദ്രം നീക്കം തുടങ്ങിയതെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു പതിറ്റാണ്ടിലേറെയായി രാജ്യത്തെ വിവിഐപി, വിഐപികള്‍ക്കു കാവലൊരുക്കുന്നതില്‍ എന്‍എസ്ജി കമാന്‍ഡോകളും ഉണ്ടായിരുന്നു. അതിസുരക്ഷ വേണ്ടിയിരുന്ന 'ഇസെഡ് പ്ലസ്' കാറ്റഗറിയിലുള്ള 13 വ്യക്തികള്‍ക്കാണു നിലവില്‍ രണ്ടു ഡസന്‍ കമാന്‍ഡോകള്‍ വീതം സുരക്ഷ ഒരുക്കിയിരുന്നത്. കേന്ദ്ര തീരുമാനത്തിനു പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ എന്‍എസ്ജിയില്‍നിന്നു പാരാമിലിറ്ററി സേന ഏറ്റെടുക്കും. മുന്‍ മുഖ്യമന്ത്രിമാരായ മായാവതി, മുലായം സിങ് യാദവ്, ചന്ദ്രബാബു നായിഡു, പ്രകാശ് സിങ് ബാദല്‍, ഫറൂഖ് അബ്ദുല്ല, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍, ബിജെപി നേതാവ് എല്‍.കെ.അഡ്വാനി തുടങ്ങിയവരാണ് എന്‍എസ്ജി സുരക്ഷയുള്ള മറ്റുള്ളവര്‍. ഭീകരതയും തട്ടിക്കൊണ്ടു പോകലും നേരിടുകയും തടയാനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയുമാണ് എന്‍എസ്ജിയുടെ രൂപീകരണ ലക്ഷ്യം. അതിലേക്കു മാത്രമായി വിദഗ്ധ സേനയുടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിഐപികള്‍ക്കു സുരക്ഷ ഒരുക്കുമ്പോള്‍ ലക്ഷ്യം മാറിപ്പോകുന്നു എന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. വ്യക്തികളുടെ സുരക്ഷാചുമതല ഒഴിവാകുമ്പോള്‍ 450 ഓളം കമാന്‍ഡോകളെയാണു ഭീകരവിരുദ്ധ നടപടികള്‍ക്കു വിനിയോഗിക്കാന്‍ കിട്ടുകയെന്നാണു സൂചന. വിഐപി സുരക്ഷ പാരാമിലിറ്ററി വിഭാഗങ്ങളായ സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവര്‍ക്കാകും. നിലവില്‍ 130 ഓളം പേര്‍ക്ക് ഇവര്‍ സുരക്ഷ ഒരുക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നാലെ 1991 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ പത്‌നി സോണിയയ്ക്കും മക്കളായ രാഹുലിനും പ്രിയങ്കയ്ക്കും എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയത്.