• admin

  • January 7 , 2020

: തിരുവനന്തപുരം : വര്‍ക്കല എസ്.ആര്‍. മെഡിക്കല്‍ കോളേജിന്റെ അനുമതിപത്രം (എസന്‍ഷ്യാലിറ്റി) സര്‍ക്കാര്‍ റദ്ദാക്കി. എസ്.ആര്‍. മെഡിക്കല്‍കോളേജിലെ വിദ്യാര്‍ത്ഥികളെ ഏറ്റെടുക്കാനാവില്ലെന്ന് മാനേജ്മെന്റ് അസോസിയേഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചു. ഇതോടെ 2016-17 വര്‍ഷം ഇവിടെ പ്രവേശനംകിട്ടിയ വിദ്യാര്‍ഥികളെ മാറ്റുന്നകാര്യം അനിശ്ചിതത്ത്വത്തിലായി. തുടര്‍ചര്‍ച്ച എന്നെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മെഡിക്കല്‍വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു. ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് കോളേജിന്റെ അനുമതിപത്രം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പഠനസൗകര്യമില്ലെന്ന് ബോധ്യപ്പെട്ടതോടെ ആയിരുന്നു നടപടി. ഇതോടെ ഇവിടെയുള്ള വിദ്യാര്‍ത്ഥികളെ മറ്റു സ്വാശ്രയ കോളേജുകളിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പാണ് മാനേജ്മെന്റുകളുമായി പ്രാഥമികചര്‍ച്ച നടത്തിയത്. വിദ്യാര്‍ത്ഥികളെ ഏറ്റെടുക്കാന്‍ പി.കെ. ദാസ്, ഡി.എം. വയനാട് എന്നീ കോളേജുകള്‍ സന്നദ്ധമായെങ്കിലും മാനേജ്മെന്റ് അസോസിയേഷന്‍ എതിര്‍ത്തു. കുട്ടികളെ ഏറ്റെടുക്കേണ്ടെന്ന് എസ്.ആര്‍. മെഡിക്കല്‍ കോളേജിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ അവസരം നല്‍കണമെന്നുമാണ് അസോസിയേഷന്റെ നിലപാട്. ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷനും വിദ്യാര്‍ത്ഥികളെ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി. നേരത്തേ പാലക്കാട് കേരള മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഏറ്റെടുത്തിരുന്നില്ല. നൂറുസീറ്റുകളിലേക്കുള്ള പഠനസൗകര്യം മാത്രമേ ഇവിടുള്ളൂവെന്നും അതിനുപുറത്തേക്ക് കുട്ടികളെ എടുക്കുന്നത് നിലവിലുള്ള വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നുമാണ് ഇവരുടെ നിലപാട്.