• admin

  • October 23 , 2022

കൽപ്പറ്റ : വയനാട് തലപ്പുഴ ഗവൺമെൻറ് എൻജിനീയറിങ് കോളേജിന് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രാഹുൽഗാന്ധി എം പി കോളേജ് ബസ് അനുവദിച്ചു. വയനാട് ജില്ലയിലെ ഏക ഗവൺമെൻറ് എഞ്ചിനീയറിംഗ്‌ കോളേജായ തലപ്പുഴ ഗവൺമെൻറ് കോളേജിനാണ് 30 ലക്ഷം രൂപയുടെ കോളേജ് ബസ് അനുവദിച്ചത്. എഞ്ചിനീയറിങ് കോളേജിലെ ഒരു കൂട്ടം വിദ്യാർഥികൾ എം പി യെ നേരിൽക്കണ്ട്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ട്രൈബൽ വിദ്യാർഥികൾ അടക്കമുള്ളവർക്ക്‌ കോളേജിൽ യഥാസമയം എത്തിച്ചേരുവാൻ ഉള്ള ബുദ്ധിമുട്ടുകൾ ‌ അറിയിച്ചിരുന്നു. അന്ന് അവർക്ക്‌ ഉറപ്പ് കൊടുത്ത പ്രകാരം തന്റെ 2022-23 പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകുകയായിരുന്നു. കോവിഡ്‌ മഹാമാരിക്ക്‌ ശേഷം വയനാട്‌ മണ്ഡലത്തിൽ ആരോഗ്യ - വിദ്യാഭ്യാസ മേഖലകൾക്ക്‌ പ്രാധാന്യം കൊടുത്ത്‌ നിരവധി പ്രൊജക്ടുകളാണ്‌ അടിയന്തിര പ്രാധാന്യം നൽകി ആവിഷ്കരിച്ച്‌ നടപ്പിലാക്കി വരുന്നത്‌. ഈ ബസ് അനുവദിച്ചതോടെ കോളേജിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന യാത്രാപ്രശ്നത്തിന്‌ ഒരു പരിധിവരെ പരിഹാരമാകും.