• Lisha Mary

  • March 26 , 2020

കല്‍പ്പറ്റ : ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലേക്ക് സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്തു നിന്നുമുളള പ്രവേശനം ജില്ലാ ഭരണകൂടം കര്‍ശനമായി നിരോധിച്ചു. അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ചൊവ്വാഴ്ച രാത്രി വരെ അതിര്‍ത്തിയില്‍ എത്തിയവരെ ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി. ഇവരെ സ്വന്തം ജില്ലകളിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്. ന്യായമായ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല ജില്ലയില്‍ യാത്രാ വിലക്കിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പോസീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല. മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി മാത്രമാണ് നിലവില്‍ ചരക്ക് വാഹനങ്ങളുടെ ഗതാഗതത്തിന് അനുമതിയുള്ളത്. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരെ മാത്രമാണ് അനുവദിക്കുക. ഐ.ഡി കാര്‍ഡ്, നിരീക്ഷണത്തില്‍ കഴിയുന്നവരല്ല എന്നുള്ള ആരോഗ്യ വകുപ്പിന്റെ അനുമതി രേഖ എന്നിവ പരിശോധിച്ചതിന് ശേഷമാണ് വാഹനങ്ങള്‍ ഇരു സംസ്ഥാനങ്ങളിലേക്കും കടത്തി വിടുക. ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അവരുടെ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് സഞ്ചരിക്കാം. മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തികള്‍ക്കും അവശ്യ സേവനം ഉറപ്പ് വരുത്തുന്നവര്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.