• admin

  • January 3 , 2022

കല്‍പ്പറ്റ : ബത്തേരി താലൂക്കിലെ പുല്‍പള്ളി കടമാന്‍തോട്, മാനന്തവാടി താലൂക്കിലെ എടവക തൊണ്ടാര്‍ ജലസേചന പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ച വയനാട്ടില്‍ വീണ്ടും സജീവമായി. രണ്ടു പദ്ധതികളും ജനപിന്തുണയോടെ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനയോടു പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായി പ്രതികരിച്ചതാണ് ചര്‍ച്ചയ്്ക്കു ആധാരം. വര്‍ധിച്ച അളവില്‍ വെള്ളം കെട്ടിനിര്‍ത്തുന്ന അണകള്‍ക്കു പകരം ഇടത്തരം തടയണകളാണ് നിര്‍മിക്കേണ്ടതെന്നു അഭിപ്രായമാണ് ജില്ലയില്‍ പൊതുവെ ഉയരുന്നത്. കബനി സബ് ബേസിനില്‍നിന്നു കേരളത്തിനു അനുവദിച്ചതില്‍ 12 ടി.എം.സി ഉപയോഗപ്പെടുത്തുന്നതിനു ജലവിഭവ വകുപ്പ് ആസൂത്രണം ചെയ്തതില്‍ ഉള്‍പ്പെട്ടതാണ് കടമാാന്‍തോട്, തൊണ്ടാര്‍ പദ്ധതികള്‍. നൂല്‍പ്പുഴ, ചുണ്ടാലി, കല്ലാപതി, ചേകാട്ട്, മഞ്ചാട്ട്, തിരുനെല്ലി, പെരിങ്ങോട്ടുപുഴ എന്നിവയാണ് മറ്റു പദ്ധതികള്‍. തദ്ദേശവാസികളില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുമൂലം ഈ പദ്ധതികളുടേയും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ജലവിഭവ വകുപ്പിനു കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കടമാന്‍തോട്, തൊണ്ടാര്‍ പദ്ധതികള്‍ ജനപിന്തുണയോടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി ജലവിഭവ മന്ത്രി പറഞ്ഞത്. വയനാട്ടില്‍ ലസംഭരണത്തിന് കൂടുതല്‍ അണകള്‍ ആവശ്യമാണെന്നു അദ്ദേഹം വ്യക്തമാക്കുകയുമുണ്ടായി. 1990ല്‍ രൂപീകരിച്ച കാവേരി നദീജലതര്‍ക്ക ട്രിബ്യൂലിെോന്റ 2007ലെ അന്തിമ വിധിയനുസരിച്ച് കബനി ജലത്തില്‍ 21 ടി.എം.സി വയനാടിനു അവകാശപ്പെട്ടതാണ്. ഇതില്‍ ഏകദേശം ഒമ്പതു ടി.എം.സി വെള്ളമാണ് ബാണാസുര, കാരാപ്പുഴ അണകളിലടക്കം ജില്ലയില്‍ ഉപയോഗപ്പെടുത്തുന്നത്. ബാക്കി ജലം കര്‍ണാടകയിലേക്കു ഒഴുകുകയാണ്. കാരാപ്പുഴ അണയുടെ ' സംഭരണശേഷി 2.78ഉം ബാണാസുരസാഗര്‍ അണയുടേത് 6.7ഉം ടി.എം.സിയാണ്. കബനിജലത്തില്‍ 21 ടി.എം.സി ഉപയോഗിക്കാന്‍ കാവേരി നദീജല തര്‍ക്ക ട്രിബ്യൂണല്‍ കേരളത്തിനു നല്‍കിയ അനുമതിക്കു 2034 ഫെബ്രുവരി വരെയാണ് കാലാവധി. കബനിയിലൂടെ കര്‍ണാടകയിലേക്കു പ്രവഹിക്കുന്നതില്‍ 0.697 ടി.എം.സി വെള്ളം ഉപയോഗപ്പെടുത്തുകയാണ് കടമാന്‍തോട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കായി 1.53 ടി.എം.സി ജലം ഉപയോഗിക്കാന്‍ കാവേരി ട്രിബ്യൂണലിന്റെ അനുമതിയുണ്ട്. പുല്‍പള്ളിക്ക് സമീപം ആനപ്പാറയില്‍ കബനി നദിയുടെ കൈവഴിയായ കടമാന്‍തോടിനു കുറുകെ അണ നിര്‍മിച്ച് സംഭരിക്കുന്ന ജലം 1940 ഹെക്ടറില്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുന്ന വിധത്തിലാണ് കടമാന്‍തോട് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 28 മീറ്റര്‍ ഉയരവും 490 മീറ്റര്‍ നീളവുമുള്ള അണയാണ് കടമാന്‍തോട് പദ്ധതിക്കായി നേരത്തേ രൂപകല്‍പന ചെയ്തത്. 1639 ഹെക്ടറാണ് വൃഷ്ടിപ്രദേശം. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 123.61 ഹെക്ടര്‍ വിസ്തൃതിയില്‍ ജലാശയം രൂപപ്പെടുമെന്നാണ് അനുമാനം. 0.3 ടി.എം.സി ജലോപയോഗമാണ് തൊണ്ടാര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എടവക പഞ്ചായത്തിലെ മൂളിത്തോടിനു കുറുകെയാണ് തൊണ്ടാര്‍ പദ്ധതിക്കായി 205 മീറ്റര്‍ നീളത്തിലും 8.5 മീറ്റര്‍ ഉയരത്തിലും അണ നിര്‍മിക്കേണ്ടത്. കടമാന്‍തോട്, തൊണ്ടാര്‍ പദ്ധതികളെ അനുകൂലിച്ചും പ്രതികൂലിച്ചും ജനം രംഗത്തുണ്ട്. വേനല്‍ക്കാലങ്ങളില്‍ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലമരുന്ന പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം കടമാന്‍തോട് പദ്ധതി അനിവാര്യതയാണെ അഭിപ്രായത്തിലാണ് ജനങ്ങളില്‍ ഒരു വിഭാഗം. എന്നാല്‍ അണ നിര്‍മിക്കുമ്പോള്‍ വെള്ളത്തിനടിയിലാകുന്ന പ്രദേശങ്ങളിലുള്ളവര്‍ പദ്ധതി അനുവദിക്കില്ലെന്ന നിലപാടിലാണ്. തൊണ്ടാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടും ജനം രണ്ടു തട്ടിലാണ്. ഇനിയും ഒരണക്കെട്ടുകൂടി താങ്ങാനുള്ള ശേഷി വയനാടിനു ഇല്ലെന്നാണ് ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം. വയനാട്ടില്‍ പുതിയ ജലപദ്ധതികളല്ല, കാര്‍ഷികസമൃദ്ധി നിലനിര്‍ത്താനുതകുന്ന ജലവിഭവ പുനരുജ്ജീവനമാണ് ആവശ്യമെന്നും അവര്‍ പറയുന്നു. കാവേരി ജലത്തില്‍ കേരളത്തിനുള്ള വിഹിതം ഉപയാഗിക്കുന്നതിനായി പണിത ബാണാസുര, കാരാപ്പുഴ പദ്ധതികളുടെ ദുരവസ്ഥയും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അര നൂറ്റാണ്ട് മുന്‍പ് അഞ്ചു കോടി രൂപ അടങ്കലില്‍ തുടങ്ങിയ കാരാപ്പുഴ പദ്ധതിക്കായി ഇതിനകം അനേകം കോടി രൂപ ചെലവഴിച്ചിട്ടും ഏതാനും ഹെക്ടര്‍ വയലില്‍ മാത്രമാണ് ജലസേചനം സാധ്യമായത്. പദ്ധതി തുടങ്ങി 50 വര്‍ഷം കഴിഞ്ഞപ്പോള്‍ 129 കിലോമീറ്റര്‍ കനാലില്‍ 25 കിലോമീറ്റര്‍ പൂര്‍ത്തിയായെന്നും 22 കിലോമീറ്റര്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും ജല വിഭവ വകുപ്പ് അധികൃതര്‍ പറയുന്നതു ജനങ്ങളെ ഇളഭ്യരാക്കുന്നതിനു തുല്യമാണെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതിയിലെ എന്‍.ബാദുഷ, ബാബു മൈലമ്പാടി, പി.എം.സുരരഷ്, തോമസ് അമ്പലവയല്‍, സണ്ണി മരക്കടവ്, സി.എ. ഗോപാലകൃഷ്ണന്‍,എം.ഗംഗാധരന്‍ എന്നിവര്‍ പറയുന്നു. ബാണാസുര സാഗര്‍ അണകെട്ട് ജല ബോംബായി മാറിയെന്ന അഭിപ്രായവും ഇവര്‍ക്കുണ്ട്. മുപ്പതു ശതമാനം വെള്ളം കൃഷിയാവശ്യത്തിന് നല്‍കാമെന്ന് ഉറപ്പുനല്‍കിയാണ് ബാണാസുര പദ്ധതിക്കു സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍നിന്നു അനുമതിയും ലോക ബാങ്കില്‍നിന്നു വായ്പയും കെ.എസ്.ഇ.ബി. തരപ്പെടുത്തിയത്. ബാണാസുര അണയിലെ വെള്ളവും നാമമാത്രമായാണ് കൃഷി ആവശ്യത്തിനു ലഭിക്കുന്നത്. കൃഷി വികസനത്തിന് വേണ്ടി അനേകായിരം കോടി രൂപ മുടക്കിയ ബാണാസുര, കാരാപ്പുഴ പദ്ധതികള്‍ ടൂറിസം വികസനത്തിലേക്ക് പരിമിതപ്പെടുത്തേണ്ട ദയനീയ അവസ്ഥയില്‍നിന്നു സര്‍ക്കാരും വിദഗ്ധര്‍ ചമയുന്നവരും പാഠം ഉള്‍ക്കൊള്ളാത്തതു അദ്ഭുതകരമാണെന്ന വിമര്‍ശനവും പ്രകൃതി സംരക്ഷണ സമിതി നടത്തുന്നുണ്ട്.