• admin

  • June 24 , 2020

ന്യൂഡൽഹി : കോവിഡ്‌ അൺലോക്കിന്‌ തുടക്കമിട്ട 23 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ രോഗം സ്ഥിരീകരിച്ചത്‌ രണ്ടര ലക്ഷത്തിലേറെപ്പേർക്കാണ്. ഒമ്പതിനായിരത്തോളംപേർ കോവിഡ്‌ ബാധിച്ചുമരിക്കുകയും ചെയ്‌തു. മെയ്‌ 31ന്‌ അടച്ചിടൽ അവസാനിക്കുമ്പോൾ 1,90,648 പേർക്കാണ്‌ രോഗം‌ സ്ഥിരീകരിച്ചിരുന്നത്‌. ജൂൺ 23ഓടെ ഇത്‌ 4.53 ലക്ഷം കടന്നു. 23 ദിവസംകൊണ്ട്‌ 2.53 ലക്ഷം പേർകൂടി രോഗികളായി‌. 132 ശതമാനമാണ്‌ വർധന‌. മരണം മെയ്‌ 31ന്‌ 5405 ആയിരുന്നത്‌ 14,300ലേറെയായി. ഒമ്പതിനായിരത്തോളം പേരാണ്‌ മൂന്നാഴ്‌ചയിലായി മരിച്ചത്‌. 164 ശതമാനമാണ്‌ മരണത്തിലുണ്ടായ വർധന‌. റെയിൽ–- വ്യോമ സർവീസുകളും മറ്റും പുനരാരംഭിച്ചത്‌ മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്‌ പോലുള്ള തീവ്രകേന്ദ്രങ്ങളിൽനിന്ന്‌ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ കോവിഡ്‌ പടരുന്നതിന്‌ വഴിയൊരുക്കിയതായി വിദഗ്‌ധർ വിലയിരുത്തുന്നു. മെയ്‌ അവസാനംവരെ രോഗം കുറഞ്ഞിരുന്ന ഹരിയാന, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വലിയതോതിൽ ഉയർന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹിമാചൽ, ഉത്തരാഖണ്ഡ്‌ തുടങ്ങിയ ഹിമാലയൻ സംസ്ഥാനങ്ങളിലും രോഗം കൂടി. കോവിഡ്‌ പോസിറ്റിവിറ്റി നിരക്കും (പരിശോധിക്കുന്ന സാമ്പിളിൽ പോസീറ്റിവാകുന്ന കേസുകളുടെ തോത്‌) ഉയർന്നു. ജൂൺ 21 വരെ 7.74 ശതമാനമാണ്‌ പോസിറ്റിവിറ്റി നിരക്ക്‌. മെയ്‌ 24ന്‌ ഇത്‌ 5.37 ശതമാനമായിരുന്നു. കേരളത്തിൽ പോസിറ്റിവിറ്റി നിരക്ക്‌ നിലവിൽ 2.12 ശതമാനമാണ്‌. ഡൽഹിയിൽ ഇത് 24.02 ആണ്‌.