• Lisha Mary

  • April 22 , 2020

പാലക്കാട് : ലോക്ക്ഡൗണില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളുടെ അവധിക്കാലം സര്‍ഗാത്മകമാക്കുക, മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ട് അട്ടപ്പാടി മേഖലയിലെ ബാലസഭ, ബാലഗോത്രസഭ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബാല വിഭവകേന്ദ്രം ഫേസ്ബുക്ക് പേജിലൂടെ 'ആട്ടോം പാട്ടും' ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, അട്ടപ്പാടി കുടുംബശ്രീ മിഷന്‍ , ഊരു സമിതികള്‍, അട്ടപ്പാടി ബാലവിഭവ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്ന സര്‍ഗാത്മക പരിപാടികള്‍ എല്ലാ ദിവസവും വൈകീട്ട് 7.30 മുതല്‍ 8 വരെയാണ് അരങ്ങേറുന്നത്. ആറു മുതല്‍ 18 വയസ്സു വരെയുള്ള അട്ടപ്പാടിയിലെ 3000 ലധികം ഗോത്രവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളാണ് വീട്ടിലിരുന്ന് പരിപാടിയില്‍ പങ്കാളികളാകുന്നത്. ഓരോ ഊരുകളിലെയും മെന്റര്‍ ടീച്ചര്‍മാര്‍ ഊരുകളിലെത്തി മൊബൈല്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ടാസ്‌കുകള്‍, വിവിധ മേഖലയില്‍ കലാവൈഭവമുള്ളവരുടെ കലാപരിപാടികള്‍, വിദ്യാര്‍ത്ഥികളുടെ കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, കഥപറയല്‍ , ക്വിസ് മത്സരം, അനുഭവങ്ങള്‍ പങ്കുവെയ്ക്കല്‍, നാടന്‍ പാട്ടുകള്‍ തുടങ്ങി നിരവധി സര്‍ഗാത്മക പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ ഡിജിറ്റല്‍ അരങ്ങില്‍ അവതരിപ്പിക്കുന്നു. ഓരോ ദിവസത്തെയും പരിപാടികളില്‍ അതിഥികളായി ഗായിക നഞ്ചിയമ്മ ഉള്‍പ്പടെയുള്ള കലാ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പങ്കുചേരുന്നു. രണ്ടാഴ്ചയായി ആരംഭിച്ച പരിപാടി ഫേസ്ബുക്ക് പേജിലൂടെ 8000 ത്തിലധികം ആളുകളാണ് ദിവസവും കാണുന്നത്. ബാല വിഭവ കേന്ദ്രം എന്ന ഫേസ്ബുക്ക് പേജിലൂടെയോ https://www.facebook.com/ബാല-വിഭവ-കേന്ദ്രം-2041834752798180 ലിങ്കിലോ പൊതുജനങ്ങള്‍ക്കും പരിപാടികള്‍ കാണാം.