• Lisha Mary

  • April 3 , 2020

ന്യൂഡല്‍ഹി : ഏപ്രില്‍ അഞ്ച് ഞായറാഴ്ച ജനങ്ങളെല്ലാം വാതിലടച്ച് ഒന്‍പത് മണിക്ക് ഒന്‍പത് മിനിട്ട് വീട്ടിലിരിക്കണമെന്നും ഈ സമയം വൈദ്യുതി ലൈറ്റുകള്‍ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്നും പ്രധാനമന്ത്രി. വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ലോക്ക് ഡൗണ്‍ ഒന്‍പത് ദിവസമായെന്നും ഇതിനോട് ഇന്ത്യയിലെ ജനങ്ങള്‍ നന്നായി സഹകരിച്ചെന്നും പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണില്‍ പ്രകടമായെന്നും പ്രധാനമന്ത്രി. ലോക്ക് ഡൗണിന്റെ നാളുകളില്‍ രാജ്യത്തിന്റെ ഭരണ സംവിധാനം നന്നായി പ്രവര്‍ത്തിച്ചു. റോഡുകളില്‍ ആരും ഒത്തുകൂടരുതെന്നും കൊറോണ വൈറസിനെ തകര്‍ക്കാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യം ഒന്നായി കൊറോണയോട് പൊരുതുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 130 കോടി ജനങ്ങളുടെ കൂട്ടായ ശക്തി എല്ലാവര്‍ക്കുമൊപ്പം ഉണ്ടെന്ന് അദ്ദേഹം വ്യക്കമാക്കി. ജനതാ കര്‍ഫ്യൂ ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അര്‍പ്പിച്ചതിലൂടെ രാജ്യം ലോകത്തിന് മാതൃകയായി. കൊറോണ കാലത്ത് ഇന്ത്യ സ്വീകരിക്കുന്ന നടപടികളിലെ ലോകം പിന്തുടരുകയാണെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. കൊറോണ വ്യാപനം തടയാന്‍ അടച്ചിടല്‍ നിലവിലുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം നല്‍കിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം രണ്ടുവട്ടം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജനതാകര്‍ഫ്യൂ, അടച്ചിടല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ്. വൈകുന്നേരം എട്ട് മണിക്കാണ് സാധാരണ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്നിലെത്താറുള്ളത് പതിവില്‍ നിന്ന് വ്യത്യസ്തമായി രാവിലെ 9 മണിക്കാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം. വ്യാഴാഴ്ച പ്രധാനമാന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് വീഡിയോ സന്ദേശത്തിലൂടെ വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്ന കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.