• Lisha Mary

  • April 15 , 2020

തിരുവനന്തപുരം : സ്പ്രിംഗ്ളര്‍ ഇടപാടിലെ ദുരൂഹത അവസാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും വിവരങ്ങള്‍ പോകുന്നത് സ്പ്രിംഗ്ളറുടെ സെര്‍വറിലേക്ക് തന്നെയാണ്. സര്‍ക്കാര്‍ പുറത്തുവിട്ട രേഖ ഇ-മെയില്‍ സന്ദേശങ്ങള്‍ മാത്രമാണ്. സേവനം സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്പ്രിംഗ്ളറുടെ സര്‍വീസ് സൗജന്യമല്ലെന്ന് സര്‍ക്കാര്‍ രേഖകളില്‍ നിന്ന് തന്നെ വ്യക്തമാണ്. കോവിഡ് 19 കഴിഞ്ഞാല്‍ സ്പ്രിംഗ്ളറിന് പണം കൊടുക്കണം. സേവനം സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സ്പ്രിംഗ്ളറുമായുള്ള കരാറിനെപ്പറ്റി മന്ത്രിമാര്‍ക്കോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ അറിയില്ല. കരാറില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ കേസ് കൊടുക്കാന്‍ പോകേണ്ടത് ന്യൂയോര്‍ക്കിലാണ്. ഇന്ത്യയില്‍ ഈ കരാര്‍ ബാധകമല്ല. റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരവും സര്‍ക്കാര്‍ ഈ കമ്പനിക്ക് നല്‍കി. 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളാണ് വിവാദ കമ്പനിയായ സ്പ്രിങ്ക്ളെര്‍ ചോര്‍ത്തിയിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. കേരളീയരുടെ മൗലികാവകാശം സംരക്ഷിക്കാന്‍ ന്യൂയോര്‍ക്കില്‍ പോകേണ്ട സ്ഥിതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കരാറുമായി ബന്ധപ്പെട്ടുള്ള യാതൊരു നടപടിക്രമങ്ങളും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. തട്ടികൂട്ട് കരാറാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സംസ്ഥാനത്തെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഡാറ്റ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്പ്രിംഗ്ളര്‍ കമ്പനിയുടെ പേരില്‍ കേസുണ്ട്. ഐ ടി സെക്രട്ടറി സ്പ്രിംഗ്ളര്‍ കമ്പനിയുടെ വക്താവായി പ്രവര്‍ത്തിക്കുകയാണ്. സ്പ്രിംഗ്ളര്‍ അഴിമതി കേരളം കണ്ട ഏറ്റവും വലിയ ഡാറ്റ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രമേസ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.