• admin

  • February 14 , 2020

ദ്വാരക (മാനന്തവാടി) : ഇത്തിരി കുഞ്ഞന്‍ പോക്കറ്റ് റേഡിയോ മുതല്‍, പഴയ 'പാട്ടുപെട്ടി' മോഡല്‍ വരെ. വലുതും ചെറുതും മാത്രമല്ല, പഴയതും ഏറ്റവും പുതിയതുമായ റേഡിയോകള്‍ വരെ നിരനിരയായി വെച്ചിരിക്കുന്ന സുന്ദരന്‍ കാഴ്ച. ലോക റേഡിയോ ദിനത്തോട് അനുബന്ധിച്ച് കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയാണ് ഈ അപൂര്‍വ്വ കാഴ്ചയൊരുക്കിയത്. പ്രവര്‍ത്തനത്തില്‍ പോലും ഏറെ വൈവിധ്യമുളള റേഡിയോകള്‍ കാണാനും കൂടുതല്‍ മനസ്സിലാക്കാനുമുളള അവസരമാണ് പ്രദര്‍ശനത്തിലൂടെ ഏവര്‍ക്കും ലഭിച്ചത്. അറുപത് വര്‍ഷം പഴക്കമുളള റേഡിയോകളുടെ അപൂര്‍വ്വ ശേഖരമാണ് കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചത്. ഇത്തരം റേഡിയോകള്‍ മാത്രം ഇരുപതോളം എണ്ണമാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ വയനാടിന്റെ വിവിധ മേഖലയിലുളളവര്‍ വരെ പ്രദര്‍ശനം കാണാന്‍ എത്തി. കേട്ടറിവു പോലുമില്ലാത്ത റേഡിയോ കാണാനും അറിയാനുമുളള ആവേശത്തിലായിരുന്നു കുട്ടികളെങ്കില്‍ പോയ നാളുകളിലെ ആകാശവാണി കാലം ഓര്‍ത്തെടുക്കുകയായിരുന്നു മുതിര്‍ന്നവരില്‍ പലരും. റെക്കോര്‍ഡിംഗിന് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം ഒരുക്കിയിരുന്നു. ഇവയോരോന്നിന്റേയും പ്രവര്‍ത്തന രീതിയും പ്രത്യേകതകളും വിശദമാക്കി മാറ്റൊലിയുടെ അണിയറ പ്രവര്‍ത്തകരും ഒരേ മനസ്സോടെ സന്ദര്‍ശകര്‍ക്കൊപ്പം നിന്നു. (റേഡിയോയുടെ പ്രവര്‍ത്തനരീതി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശദമാക്കി നല്‍കുന്നു) റേഡിയോയും ഉപകരണങ്ങളും കണ്ടും അറിഞ്ഞും കഴിഞ്ഞപ്പോള്‍ റേഡിയോ മാറ്റൊലിയെ കുറിച്ചായി എല്ലാവരുടേയും ചോദ്യം. പരിപാടികള്‍ തയ്യാറാക്കുന്നതിനെ കുറിച്ചാണ് ചിലര്‍ക്ക് അറിയേണ്ടതെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടമുളള ശബ്ദത്തിനുടമകളെ കാണാനായിരുന്നു മറ്റൊരു കൂട്ടര്‍ക്ക് തിടുക്കം. കഥാപാത്രങ്ങളോ ശബ്ദങ്ങളോ ആയല്ല തങ്ങളുടെ കുടുംബാംഗങ്ങളെ പോലെയാണ് മാറ്റൊലിയെ കാണുന്നതെന്ന് സ്‌നേഹത്തോടെ പങ്കുവെച്ചു എല്ലാവരും. കേട്ടും ആസ്വദിച്ചും അറിവ് നേടിയും പത്തുവര്‍ഷത്തിലേറെയായി കൂടെ കൂട്ടിയ റേഡിയോ മാറ്റൊലി നേരില്‍ കണ്ട് ആസ്വദിച്ചതിന്റെ സന്തോഷത്തിലാണ് സന്ദര്‍കരെല്ലാവരും മടങ്ങിയത്. ഒപ്പം മറക്കാനാവാത്ത ഒരു ദിനം സമ്മാനിച്ച മാറ്റൊലിയോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയറിയിച്ചും.