• Lisha Mary

  • April 22 , 2020

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം 20,000 കടന്നു. രാജ്യത്ത് 20,471 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 1486 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൂടിയ നിരക്കാണിത്. 24 മണിക്കൂറിനിടയില്‍ 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 652 ആയി ഉയര്‍ന്നു. കേസുകള്‍ ഉയരുന്നുണ്ടെങ്കിലും സുഖം പ്രാപിച്ച ആളുകളുടെ എണ്ണത്തില്‍ പുരോഗതി രേഖപ്പെടുത്തുന്നുണ്ട്. 19.36 ശതമാനമാണ് ഇന്ന് രാവിലത്തെ രോഗമുക്തി നിരക്ക്. മാര്‍ച്ച് 25 ന് ആരംഭിച്ച രാജ്യവ്യാപക ലോക്ക്ഡൗണിന് ശേഷം രോഗവ്യാപനത്തിന്റെ നിരക്ക് കുറയുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഏപ്രില്‍ 2 ന് 211 ജില്ലകളിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ അത് 403 ജില്ലകളിലേക്ക് വ്യാപിച്ചു. രാജ്യത്തെ ആകെ കേസുകളുടെ 45 ശതമാനം ആറ് പ്രധാന നഗരങ്ങളിലാണ്. മൂവായിരത്തിലധികം കേസുകളുമായി മുംബൈയാണ് മുന്നില്‍. ഡല്‍ഹി 2,081, അഹമ്മദാബാദ് 1,298, ഇന്‍ഡോര്‍ 915, പൂനെ 660, ജയ്പൂര്‍ 537 എന്നിങ്ങനെയാണ് കേസുകള്‍.