• admin

  • June 27 , 2020

ന്യൂഡൽഹി : ഇന്ത്യയിൽ കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ട് 5,08,953 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഒരു ദിവസത്തിനിടെ ഇത്രയധികം പേർക്ക് രാജ്യത്ത് രോഗം കണ്ടെത്തുന്നത് ഇതാദ്യമാണ്. രാജ്യത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം വൻതോതിലാണ് വർധിക്കുന്നത്. 24 മണിക്കൂറിനിടെ 384 പേർ മരിച്ചു. ഇതോടെ ആകെ മരണം 15,685 ആയി. 1,97,387 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,95,881 പേർക്ക് ഇതിനോടകം രോഗം ഭേദമായി. മഹരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് 1,52,765 ആയി. 7106 പേർ മഹാരാഷ്ട്രയിൽ മാത്രം മരിക്കുകയുമുണ്ടായി. ഡൽഹിയിൽ 77,240 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2492 പേർ മരിച്ചു. തമിഴ്നാട്ടിൽ 74,622 പേർക്ക് രോഗവും 957 മരണവും റിപ്പോർട്ട് ചെയ്തു. 30095 പേർക്ക് കോവിഡ് കണ്ടെത്തിയ ഗുജറാത്തിൽ 1771 പേരാണ് മരിച്ചത്. കേരളത്തിൽ ഇന്നലെ 150 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതടക്കം 3876 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 22 മരണവുമുണ്ടായി.