• admin

  • February 8 , 2020

കൊച്ചി :

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബിലാണു ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത്. കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലീപിന്റെ ഹര്‍ജിയിലാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. 

റിപ്പോര്‍ട്ട് ദിലീപിന്റെ അഭിഭാഷകനു കൈമാറി. കേസിലെ മുഖ്യസാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദേശിച്ചു. ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രം ക്രോസ് വിസ്താരം നടത്താന്‍ ദിലീപിന്റെ അഭിഭാഷകനെ കോടതി അനുവദിച്ചിരുന്നു.

കേസിലെ നിര്‍ണായക സാക്ഷിയായ നടി രമ്യാ നമ്പീശനെ കോടതി ഇന്നലെ വിസ്തരിച്ചു. നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ ജീവനക്കാരന്‍ സുജിത്ത്, രമ്യയുടെ സഹോദരന്‍ രാഹുല്‍ എന്നിവരെയും ഇന്നലെ വിസ്തരിച്ചു. ഇന്നലെ വിസ്താരത്തിനു ഹാജരാകേണ്ടിയിരുന്ന പി.ടി.തോമസ് എംഎല്‍എ, സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ അവധി അപേക്ഷ നല്‍കി വിട്ടുനിന്നു. ദിലീപ് ഒഴികെയുള്ള 9 പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായി. വിസ്താരം 12 നു തുടരും.