• admin

  • January 29 , 2020

ന്യൂഡല്‍ഹി : രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും സാമ്പത്തിക ഉപദേഷ്ടാക്കളുടെ സംഘവും ചേര്‍ന്ന് അക്ഷാര്‍ത്ഥത്തില്‍ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുകയാണെന്നും പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഇനി എന്തുചെയ്യണമെന്ന് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. '' മോദിയും സാമ്പത്തിക ഉപദേഷ്ടാക്കളുടെ സ്വപ്ന സംഘവും അക്ഷരാര്‍ത്ഥത്തില്‍ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു. നേരത്തെ ജി.ഡി.പി 7.5 ശതമാനം. പണപ്പെരുപ്പം 3.5 ശതമാനം. ഇപ്പോള്‍ ജി.ഡി.പി 3.5 ശതമാനം. പണപ്പെരുപ്പം 7.5 ശതമാനം. അടുത്തതായി എന്ത് ചെയ്യണമെന്ന് പ്രധാനമന്ത്രിക്കോ ധനകാര്യമന്ത്രിക്കോ ഒരു ധാരണയുമില്ല'', ബജറ്റ് 2020 എന്ന ഹാഷ്ടാഗോടെ അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിക്ക് സമ്പദ് ഘടനയെക്കുറിച്ച് യാതൊന്നുമറിയില്ലെന്നും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോദി തകര്‍ത്തെന്നും രാഹുല്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിയും പറഞ്ഞിരുന്നു.