• admin

  • January 30 , 2020

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിലെ പിരിച്ചുവിട്ട 166 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന് അഡീഷണല്‍ ലേബര്‍ കമീഷണര്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഫെബ്രുവരി ആറിന് വീണ്ടും ചര്‍ച്ച നടത്തും. പ്രശ്നം പരിഹരിക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍ ലിജി ജെ വടക്കേടത്തിന്റെ സാന്നിധ്യത്തിലായിരുന്നു മൂന്നാംവട്ട ചര്‍ച്ച നടന്നത്. ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യവും എഎല്‍ഒയുടെ നിര്‍ദേശവും ചര്‍ച്ച ചെയ്ത ശേഷം അടുത്ത യോഗത്തില്‍ തീരുമാനമറിയിക്കാമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. അഡീഷണല്‍ ലേബര്‍ കമീഷണര്‍മാരായ രഞ്ജിത് പി മനോഹര്‍, കെ ശ്രീലാല്‍, മുത്തൂറ്റ് ഫിനാന്‍സ് എച്ച്ആര്‍ ജനറല്‍ മാനേജര്‍ സി വി ജോണ്‍, കമ്പനി പ്രതിനിധികളായ തോമസ് ജോണ്‍, ബാബു ജോണ്‍, പ്രഭ ടി ഫ്രാന്‍സിസ്, യൂണിയന്‍ പ്രതിനിധികളായ എ എം ആരിഫ് എംപി, കെ ചന്ദ്രന്‍പിള്ള, കെ എന്‍ ഗോപിനാഥ്, സി കെ മണിശങ്കര്‍, സി സി രതീഷ്, നിഷ കെ ജയന്‍, നിജ രൂപേഷ്, മായ എസ് നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നേരത്തെ നടത്തിയ രണ്ടു ചര്‍ച്ചകളും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പിരിച്ചുവിട്ട തൊഴിലാളികള്‍ എറണാകുളത്തെ ഹെഡ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്.