• admin

  • February 2 , 2020

കണ്ണൂര്‍ : മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നാഷണല്‍ മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍എംഡിസി) ഒരു കോടി രൂപ അനുവദിച്ചു. ആറ് ക്ലാസ് മുറികള്‍ അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം ആധുനികവല്‍ക്കരിച്ച് പഠനാന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. എന്‍എംഡിസി അനുവദിച്ച ഒരുകോടി രൂപ പദ്ധതിയുടെ ധാരണാപത്രം കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമായി അടുത്താഴ്ച ഒപ്പിടുമെന്ന് കെ കെ രാഗേഷ് എംപി അറിയിച്ചു. സിഎസ്ആര്‍ പദ്ധതികളുടെ ദേശീയ ഗുണമേന്മാ പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യത ഉള്ളതിനാലാണ് മികച്ച കമ്പനികള്‍ മുണ്ടേരിയില്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍ അനുവദിക്കുന്നതിന് താല്‍പര്യം കാണിക്കുന്നത്. മുദ്രാ വിദ്യാഭ്യാസ പദ്ധയിലുള്‍പ്പെടുത്തി 16 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇതിനകം 50 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. അനുവദിച്ച പദ്ധതികള്‍ ആറു മാസത്തിനകം പൂര്‍ത്തീകരിക്കുന്നുണ്ട്. ഇതിനായി ചീഫ് എന്‍ജിനിയറുടെ നേതൃത്യത്തില്‍ ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ട്. 90 ശതമാനത്തോളം ആദിവാസി ഗോത്രവര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന ആറളം ഫാം ഗവ. സ്‌കൂള്‍ നവീകരിക്കാനും ഇതേ മാതൃകയില്‍ തന്നെയാണ് പദ്ധതി തയ്യാറാക്കിയത്. ആറളം ഫാം സ്‌കൂള്‍ ഗോത്ര റീച്ചിങ് അവന്യു അഗോറ- എന്ന നാമത്തില്‍ രേഖപ്പെടുത്തിയ ഈ പദ്ധതി വിവിധ കമ്പനികള്‍ക്ക് ഇതിനകം നല്‍കി. കെ കെ രാഗേഷ് എംപിയുടെ പ്രാദേശികവികസന ഫണ്ടില്‍നിന്ന് മൂന്നുകോടി രൂപ നീക്കിവച്ചാണ് പദ്ധതി തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയില്‍നിന്നുള്ള ഈ പദ്ധതിക്കും സിഎസ്ആര്‍ കമ്പനികളില്‍നിന്ന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതികളെ പൊതുവിദ്യാഭ്യാസ വകുപ്പും പ്രാധാന്യത്തോടെയാണ് കാണുന്നത്.