• Lisha Mary

  • April 17 , 2020

: തിരുവനന്തപുരം: വിദേശ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ നിരവധി സംശയങ്ങള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മറുപടി സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആരോപിച്ചു. വിദേശ നിയമപ്രകാരം സംസ്ഥാനത്തിന് കരാര്‍ ഒപ്പിടാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ല, മന്ത്രിസഭയുടെ അനുമതിയില്ല, വകുപ്പുകളുടെയൊന്നും അനുമതി കരാറിനില്ല. ഒരു ഘട്ടംവരെ സൗജന്യമാണെന്നാണ് പറയുന്നതെങ്കിലും കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുണ്ട്. അതുപ്രകാരം ഭാവിയില്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടാകും. ധനവകുപ്പും നിയമവകുപ്പും അടക്കം മറ്റു വകുപ്പുകളൊന്നും കരാര്‍ കണ്ടിട്ടില്ല. സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന സമയത്ത് ഈ കരാര്‍ സംബന്ധിച്ച് ഒരു ഫയല്‍ പോലും നിലവിലില്ല എന്ന കാര്യം വ്യക്തമാണ്. അതുകഴിഞ്ഞ് ഫയല്‍ ഉണ്ടാക്കിയോ എന്ന കാര്യം അറിയില്ല. കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. പറഞ്ഞ മറുപടികള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏതെങ്കിലും തരത്തില്‍ നിയമനടപടികള്‍ ഉണ്ടായി കമ്പനിക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ നികത്തണം എന്നാണ് കരാറിലെ വ്യവസ്ഥ. ഇത് അസാധാരണമാണ്. ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ പ്രളയകാലത്തും കമ്പനി ഇവിടെയുണ്ടായിരുന്നു എന്നാണ് വിവരം. അന്ന് ഈ കമ്പനിയുടെ പങ്കെന്തായിരുന്നു എന്ന് വ്യക്തമാക്കണം. മുന്‍പ് എഡിബിയെ ആക്രമിച്ചവരാണ് ഇപ്പോള്‍ ഇത്തരമൊരു കരാറുമായി വരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.