• Lisha Mary

  • March 7 , 2020

ആലപ്പുഴ : ആലപ്പുഴ ചെങ്ങന്നൂരിലെ അഭിഭാഷകന്‍ എബ്രഹാം വര്‍ഗീസിന്റെ കൊലപാതകം ഹെല്‍മെറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്നെന്ന് പോലീസ്. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ എബ്രഹാം വര്‍ഗീസ് (65) ആണ് മരിച്ചത്. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലി എബ്രഹാം വര്‍ഗീസും അയല്‍വാസികളുമായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ മാലിന്യം നിക്ഷേപിക്കാനെത്തിയപ്പോഴും തര്‍ക്കം ഉണ്ടാകുകയും, തുടര്‍ന്ന് ഹെല്‍മെറ്റ് കൊണ്ടുള്ള അടിയേറ്റ് മരിക്കുകയുമായിരുന്നു എന്നാണ് പോലീസിന്റെ അനുമാനം. വീട്ടിലെ മാലിന്യം റോഡുവക്കില്‍ നിക്ഷേപിച്ചശേഷം തിരികെ വരുമ്പോള്‍, പിന്നാലെ എത്തിയ യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. രണ്ടു ബൈക്കുകളിലായെത്തിയ മൂന്നുപേരാണ് ആക്രമിച്ചത് എന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. പിന്നീട് മര്‍ദ്ദിച്ചവര്‍ തന്നെ അഭിഭാഷകനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അഭിഭാഷകന്‍ മരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത രണ്ടുപേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചശേഷം കസ്റ്റഡിയില്‍ ഉള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കരസേന ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ റിട്ടയേഡ് ജനറല്‍ മാനേജറായിരുന്നു മരിച്ച എബ്രഹാം വര്‍ഗീസ്.